തൃശൂർ: ( www.truevisionnews.com ) മോട്ടോർ പുരയുടെ മുകളിൽ വീണ നെല്ലിക്ക എടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ ഉമ്മുമ്മ സാഹസികമായി രക്ഷിച്ചു.

തൃശൂർ വടക്കേക്കാടാണ് സംഭവം. 25 അടി താഴ്ചയുള്ള കിണറിൽ ആറടിയോളം വെള്ളമുണ്ടായിരുന്നു. ഇതിന് സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് നെല്ലിക്ക എടുക്കാൻ മോട്ടോർ പുരയുടെ മുകളിൽ കയറിയത്.
രണ്ടുപേർ കയറി. കൂട്ടത്തിൽ ഇളയ മുഹമ്മദ് ഹൈസിൻ കയറുന്നതിനിടെ കാൽ തെറ്റി നേരെ കിണറ്റിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയാണ് ഉമ്മുമ്മ സുഹ്റയോട് വിവരം പറഞ്ഞത്. ഉടൻ തന്നെ ഓടിയെത്തി കിണറ്റിൽ ഇറങ്ങി മോന്റെ കാലിൽ പിടിച്ച് രക്ഷിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് സുഹ്റ പറയുന്നതിങ്ങനെ: ‘ഉമ്മമ്മാ ഹൈസിൻ കിണറ്റിൽ പോയി എന്ന് മോൾ വന്നു പറഞ്ഞു. ‘കിണറ്റിലോ’ എന്ന് ചോദിച്ച് ഞാൻ ഓടിച്ചെന്നു. നോക്കിയപ്പോൾ മോൻ കിണറിന്റെ ഒത്ത നടുവിൽ താഴ്ന്നു താഴ്ന്നു പോകുന്നു.
പിന്നൊന്നും നോക്കീല, അപ്പോൾ തന്നെ മോട്ടോർ കെട്ടിയിട്ട പ്ലാസ്റ്റിക് കയറിൽ പിടിച്ച് കിണറ്റിലിറങ്ങി. കൈ കയറിൽ ഉരഞ്ഞ് നീല നിറമായി. കിണറിന് നടുവിലായതിനാൽ മോനെ എടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു.
ഒടുവിൽ കാലിൽ പിടികിട്ടിയപ്പോൾ പൊക്കിയെടുത്തു. എന്നിട്ട് തോളിൽ വെച്ചു. 10 മിനിറ്റോളം തോളത്തിരുത്തി അവിടെ തന്നെ പിടിച്ചിരുന്നു. ഇതിനിടെ മറന്നുവെച്ച എന്തോ സാധനം തിരിച്ചെടുക്കാനെത്തിയ മരുമകൻ ബഹളംകേട്ട് ഓടിവന്ന് പൈപ്പിൽ പിടിച്ച് കിണറ്റിലിറങ്ങി. മോനെ തോളിൽവെച്ച് പുറത്തെത്തിച്ചു’.
മോനെ രക്ഷിക്കാൻ ഇറങ്ങുമ്പോൾ പേടി തോന്നിയിരുന്നില്ലെന്നും എന്നാൽ, കുട്ടിയെ കയറ്റിയ ശേഷമാണ് താൻ എങ്ങനെ കയറും എന്ന് ആലോചിച്ചതെന്നും സുഹ്റ പറഞ്ഞു. രണ്ടുപേരും കിണറിൽ 10 മിനിട്ട് കഴിച്ചു കൂട്ടി. സാഹസിക രക്ഷാപ്രവർത്തനം നടത്തിയ സുഹ്റയെ നാട്ടുകാരും വിവിധ കൂട്ടായ്മകളും അഭിനന്ദിച്ചു.
#grandmother #saves #baby #-25 #ft #well
