മുംബൈ: (truevisionnews.com) ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നാളെ ആരംഭിക്കാനിരിക്കെ ഭാര്യയേയോ കുടുംബത്തേയോ കൂടെ കൂട്ടാൻ അനുമതി നൽകി ബിസിസിഐ.ഇന്ത്യൻ ടീമിന്റെ ഏതെങ്കിലും ഒരു മത്സരം കാണാൻ കുടുംബത്തെ കൊണ്ടുവരാമെന്ന് ബിസിസിഐ വ്യക്തമാക്കി.

നേരത്തെ ഒരു സീനിയർ താരം ഭാര്യയെ കൂടെ കൊണ്ടുപോകുന്നതിന് അനുമതി ചോദിച്ചിരുന്നു. എന്നാൽ ബോർഡർ ഗാവസ്‌കർ ട്രോഫിയ്ക്ക് ശേഷം അവതരിപ്പിച്ച പുതിയ ചട്ടപ്രകാരം അതിന് സാധിക്കില്ല എന്ന നിലപാടിലായിരുന്നു ബിസിസിഐ.
ഈ ആവശ്യം ഉന്നയിച്ച സീനിയർ താരം വിരാട് കോഹ്‌ലിയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ശേഷം മറ്റുതാരങ്ങളും സമാന ആവശ്യങ്ങൾ ഉന്നയിച്ചതോടെ ചെറിയ ഇളവ് നൽകാൻ ബിസിസിഐ തയ്യാറാവുകയായിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ പുറത്തിറക്കിയ കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമേ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവൂ.
ചാമ്പ്യൻസ് ട്രോഫി ഒരു മാസത്തില്‍ കുറഞ്ഞ ടൂര്‍ണമെന്‍റായതിനാല്‍ കുടുംബത്തെ കൂടെ കൂട്ടാന്‍ അനുമതി നല്‍കേണ്ടെന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നു.
ടൂർണമെന്റിന് വരുമ്പോൾ കൊണ്ടുവരുന്ന ലഗേജിന്റെ കനത്തിലും നിയന്ത്രണങ്ങളുണ്ട്. അതുപോലെ പേഴ്‌സണൽ സ്റ്റാഫുകളുടെ മേലിലും നിയന്ത്രണങ്ങളുണ്ട്. കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നും ബിസിസിഐ കര്‍ശനമാക്കിയിരുന്നു.
#Allowed #bring #wife #family #ChampionsTrophy
