(truevisionnews.com) പോട്ടയിലെ ബാങ്ക് കവർച്ചാ കേസിലെ പ്രതിക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. വിയ്യൂരിലെ ജില്ലാ ജയിലിൽ റിമാൻഡിലുള്ള പ്രതി റിജോ ആൻ്റണിയെ ഇന്ന് ഹാജരാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

അഞ്ച് ദിവസത്തേക്ക് കൂടി പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിൻ്റെ ആവശ്യം. ഇന്നലെയാണ് പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് വൈദ്യപരിശോധനയ്ക്ക് ശേഷം ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തന്നിലേക്ക് എത്താന്‍ ഒരു തെളിവും ബാക്കിയില്ലെന്ന് കരുതിയ പ്രതിയെ ശ്രദ്ധാപൂര്‍വമുള്ള നീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്.
ഞായറാഴ്ച രാത്രിയോടെയാണ് ആശാരിപ്പാറയിലെ വീട്ടില്‍ നിന്നും പ്രതി റിജോ ആന്റണി പിടിയിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കവര്‍ച്ചാ സമയത്ത് ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പ്രതി റിജോ ആന്റണിയുമായി രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയ മൂന്ന് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് കണ്ടെത്തി.
തുടര്‍ന്ന് കവര്‍ച്ച നടന്ന പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കവര്‍ച്ച നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു.
കവര്‍ച്ചയ്ക്കു ശേഷം പല തവണ വേഷം മാറി സഞ്ചരിച്ച പ്രതിയെ കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവായത് ഷൂസിന്റെ നിറവും ഹെല്‍മെറ്റുമായിരുന്നു. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കാണെന്ന പ്രതീതി പൊലീസ് ജനിപ്പിച്ചതും പ്രതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
#Petta #Bank #Robbery #court #consider #custody #application #accused #today
