( www.truevisionnews.com ) ബലാല്‍സംഗം തടയാനുള്ള ശ്രമത്തിനിടെ അക്രമിയുടെ നാവ് കടിച്ചുമുറിച്ച കുറ്റത്തിന് ശിക്ഷ ലഭിച്ച അതിജീവിതയ്ക്ക് അറുപത് കൊല്ലത്തിനുശേഷം നീതി ലഭ്യമാകുന്നു. ഇപ്പോള്‍ 78 വയസ്സ് പ്രായമുള്ള അതിജീവിതയുടെ കേസില്‍ പുനര്‍വിചാരണ നടത്തുമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണകൊറിയയിലാണ് സംഭവം.

ഔട്ട്‌ലെറ്റ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് അന്ന് പതിനെട്ട് വയസ്സുണ്ടായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് നോവ എന്നയാള്‍ ആക്രമിച്ചത്. നോവയുടെ നാവ് കടിച്ചെടുത്താണ് പെണ്‍കുട്ടി ബലാല്‍സംഗത്തില്‍നിന്ന് രക്ഷപ്പെട്ടത്.
എന്നാല്‍ മറ്റൊരാളെ ശാരീരികമായി ഉപദ്രവിച്ചതിന് പെണ്‍കുട്ടിയ്ക്ക് നീതിപീഠം പത്തുമാസത്തെ തടവ്ശിക്ഷ വിധിച്ചു. അതിജീവിതയെ ആക്രമിച്ച പ്രതിയ്ക്ക് ആറുമാസത്തെ ജയില്‍വാസമാണ് ലഭിച്ചത്.
തന്നെ ആക്രമിച്ച വ്യക്തിയെ വിവാഹം കഴിയ്ക്കാന്‍ പ്രോസിക്യൂട്ടര്‍ തന്നെ പ്രേരിപ്പിച്ചതിനെ കുറിച്ച് അതിജീവിത 2020 ല്‍ ദ കൊറിയ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
വിവാഹത്തിന് സമ്മതിക്കാത്തപക്ഷം ശിഷ്ടകാലം ജയിലില്‍ കഴിയേണ്ടി വരുമെന്ന് പ്രോസിക്യൂട്ടര്‍ ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞിരുന്നു. താന്‍ തെറ്റൊന്നും ചെയ്തില്ലെന്ന് ആവര്‍ത്തിച്ചുപറഞ്ഞിട്ടും ഒടുവില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതിനേയും അവര്‍ ഓര്‍മ്മിച്ചു.
പലയവസരങ്ങളിലും പലരീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതിയുമായുള്ള ഒത്തുതീര്‍പ്പിനായി തന്റെ പിതാവിന് കയ്യിലുണ്ടായിരുന്ന സമ്പാദ്യം മുഴുവനും നല്‍കേണ്ടി വന്നതായും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാസം നേടിയതോടെയാണ് താനെത്രമാത്രം അനീതിയാണ് അനുഭവിച്ചതെന്നുള്ള തിരിച്ചറിവ് അതിജീവിതയ്ക്ക് ഉണ്ടായത്. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെ അതിജീവിത പുനര്‍വിചാരണക്കായുള്ള ശ്രമം ആരംഭിച്ചു. ഒടുവില്‍ 2020 ല്‍ കേസ് പുനപ്പരിശോധിക്കാന്‍ സുപ്രീം കോടതി കീഴ്‌ക്കോടതിയോട് ഉത്തരവിട്ടു.
അതിജീവിതയുടെ വാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ട കീഴ്‌ക്കോടതി പുനര്‍വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതിയെ ധരിപ്പിച്ചു. ഇതോടെയാണ് പുനര്‍വിചാരണയ്ക്കുള്ള വഴിയൊരുങ്ങിയത്. ബലാല്‍സംഗത്തിനിരയാകുന്നവരെ ബലാല്‍സംഗം ചെയ്തവരുമായുള്ള വിവാഹത്തിന് കോടതി തന്നെ പ്രോത്സാഹിപ്പിക്കുന്ന രീതി 1960കളും 70 കളിലും ദക്ഷിണകൊറിയയില്‍ നിലനിന്നിരുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുണ്ട്.
#southkorean #woman #gets #retrial #after #rape #attack
