ഹൈദരാബാദ്: (truevisionnews.com) ഹൈദരാബാദിലെ ക്ഷേത്രത്തില്‍ മാംസം കണ്ടെത്തിയ സംഭവത്തില്‍ വിദ്വേഷ പ്രചാരങ്ങള്‍ നടക്കുന്നതിനിടെ യഥാർത്ഥ 'പ്രതി'യെ കണ്ടെത്തി പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു പൂച്ചയാണ് ക്ഷേത്രത്തില്‍ മാംസം കൊണ്ടിട്ടതെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു തപ്പചബുത്രയിലെ ക്ഷേത്രത്തിലെ ശിവലിംഗത്തിന് പിൻവശത്തായി മാംസക്കഷ്ണം കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്‌ക്കെത്തിയ വിശ്വാസികള്‍ മാംസം കാണുകയും ക്ഷേത്ര അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. ക്ഷേത്രത്തിലേക്ക് ആരോ മാംസം വലിച്ചെറിഞ്ഞു എന്നതായിരുന്നു പ്രചരിച്ച വാര്‍ത്ത. ഇതോടെ പ്രതിഷേധവുമായി നൂറുകണക്കിന് പേരാണ് രംഗത്തെത്തിയത്.
250ഗ്രാം തൂക്കമുള്ള ആട്ടിറച്ചിയുടെ കഷ്ണമായിരുന്നു ക്ഷേത്രത്തില്‍ നിന്നും കണ്ടെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളും രംഗത്തെത്തിയതോടെ പ്രതിഷേധം ശക്തമായി.
സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനേയും വിന്യസിച്ചിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.
ദൃശ്യങ്ങളില്‍ വായില്‍ മാംസക്കഷ്ണം കടിച്ചുപിടിച്ച് നടന്നുവരുന്ന പൂച്ചയെയാണ് പൊലീസുദ്യോഗസ്ഥര്‍ കണ്ടത്. പൂച്ച മാംസവുമായി ക്ഷേത്രത്തിനുള്ളിലേക്ക് കയറിപ്പോകുന്നതും വീഡിയോയിലുണ്ട്. പൊലീസുദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ വ്യാജ പ്രചാരണങ്ങള്‍ പാടില്ലെന്നും സംയമനം പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
#real #accused #found #police #hate #campaigns #going #case #meat #being #found #temple.
