അഹ്മദാബാദ്: (truevisionnews.com) ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പരമ്പര തൂത്തുവാരി ഇന്ത്യ. 357 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് പുറത്തായി. 142 റൺസിനാണ് ഇന്ത്യയുടെ ജയം.

ഇന്ത്യക്കായി ഹർഷിത് റാണ, അർഷദീപ് സിങ്, അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള പരമ്പരയിൽ വമ്പൻ ജയം നേടിയ ഇന്ത്യക്ക് ഇനി ആത്മവിശ്വാസത്തോടെ ടൂർണമെന്‍റിനിറങ്ങാം. സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ - 50 ഓവറിൽ 356ന് ഓൾ ഔട്ട്, ഇംഗ്ലണ്ട് - 34.2 ഓവറിൽ 214ന് പുറത്ത്.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ഓപണർമാർ നൽകിയ ഭേദപ്പെട്ട തുടക്കം മുതലാക്കാനാകാതെ വന്നതോടെയാണ് കളി കൈവിട്ടത്. ആദ്യ വിക്കറ്റ് 60 റൺസിലാണ് വീണത്. 38 റൺസ് വീതം നേടിയ ടോം ബാന്‍റണും ഗസ് അറ്റ്കിൻസനുമാണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്കോറർമാർ. ഫിൽ സാൾട്ട് (23), ബെൻ ഡക്കറ്റ് (34), ജോ റൂട്ട് (24), ഹാരി ബ്രൂക്ക് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉപനായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരുടെ അർധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇംഗ്ലണ്ടിനു മുന്നിൽ 357 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയത്.
ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള അവസാന മത്സരത്തിൽ, ക്യാപ്റ്റൻ രോഹിത് ശർമ നിരാശപ്പെടുത്തിയെങ്കിലും മുൻനിരയിലെ മറ്റ് ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നത് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ പകരുന്നു. അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യ 50 ഓവറിൽ 356 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ട് നിരയിൽ ആദിൽ റഷീദ് നാല് വിക്കറ്റ് നേടി.
തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ (ഒന്ന്) നഷ്ടമായി. മൂന്നാമനായെത്തിയ കോഹ്‌ലി ശുഭ്മൻ ഗില്ലിനൊപ്പം നങ്കൂരമിട്ട് കളിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 116 റൺസാണ് കൂട്ടിച്ചേർത്തത്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിരാട് കോഹ്‌ലി മികച്ച താളം കണ്ടെത്തിയിരുന്നു.
ഏഴ് സ്റ്റൈലിഷ് ഫോറും ഒരു ക്ലാസിക്ക് സിക്സറുമടങ്ങിയതാണ് വിരാടിന്‍റെ ഇന്നിങ്സ്. വിരമിക്കണമെന്ന് ആവശ്യപ്പെട്ട വിമർശകർക്ക്, ഇനിയും പോരാടാൻ ബാല്യമുണ്ടെന്ന സന്ദേശം നൽകിയാണ് കോഹ്‌ലിയുടെ മടക്കം.
#Huge #win #against #England #142 #runs #india #swept #series
