ബംഗളുരു: (truevisionnews.com) ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി.ശസ്ത്രക്രിയക്ക് ശേഷം സഞ്ജുവിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതിനാൽ 17ന് ആരംഭിക്കുന്ന ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനായി കളിക്കാന്‍ സഞ്ജുവിന് കഴിയില്ല. നേരത്തെ പരിക്കുമൂലം ജമ്മു കശ്മീരിനെതിരായ ക്വാര്‍ട്ടർ ഫൈനലും സഞ്ജുവിന് നഷ്ടമായിരുന്നു.
അടുത്തമാസം ഒടുവില്‍ തുടങ്ങുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു എത്തുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 21നാണ് ഐപിഎല്‍ തുടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തിളങ്ങാന്‍ കഴിയാതിരുന്ന സഞ്ജുവിന് അവസാന മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൈവിരലില്‍ കൊണ്ടാണ് പരിക്കേറ്റത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ആര്‍ച്ചറെ സിക്സ് അടിച്ചു തുടങ്ങി സഞ്ജു പിന്നീട് ഒരു സിക്സ് കൂടി പറത്തിയെങ്കിലും ഏഴ് പന്തില്‍ 16 റണ്‍സടിച്ച് പുറത്തായിരുന്നു.
പരിക്കേറ്റതോടെ സഞ്ജുവിന് പകരം ധ്രുവ് ജുറെലാണ് ഇന്ത്യൻ ഇന്നിംഗ്സില്‍ വിക്കറ്റ് കീപ്പറായത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 10.20 ശരാശരിയിലും 118.60 പ്രഹരശേഷിയിലും 51 റണ്‍സ് മാത്രമെ നേടാനായിരുന്നുള്ളു.
ഇംഗ്ലീഷ് പേസര്‍മാര്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കി സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. രഞ്ജി സെമി നഷ്ടമാകുന്ന സഞ്ജുവിന് കേരളം ഫൈനലിലെത്തുകയാണെങ്കില്‍ ഫൈനലിലും കളിക്കാനാകില്ല.
ഈ മാസം 17 മുതലാണ് ഗുജറാത്തിനെതിരായ കേരളത്തിന്‍റെ രഞ്ജി സെമി പോരാട്ടം. ഫെബ്രുവരി 26നാണ രഞ്ജി ട്രോഫി പൈനല്‍ തുടങ്ങുന്നത്. കേരളത്തിന് ഇതുവരെ രഞ്ജി ട്രോഫിയില്‍ ഫൈനലിലെത്താനായിട്ടില്ല. 2018-2019 സീസണില്‍ സെമിയിലെത്തിയതാണ് ഇതിന് മുമ്പത്തെ വലിയ നേട്ടം.
#SanjuSamson #undergoes #surgery #one #month #rest #out #RanjiTrophy #semis
