ഭോപ്പാല്‍: (www.truevisionnews.com) മധ്യപ്രദേശിലെ രാജ്ഗഢില്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ 11-കാരി മരിച്ചു. കേള്‍വി- സംസാരപരിമിതിക്കുപുറമേ ബുദ്ധിവളര്‍ച്ചാക്കുറവുമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

നാലുദിവസമായി രാജ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനോട് മല്ലിടുകയായിരുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. സംഭവം നടന്ന് ഓരാഴ്ചയാവാറായിട്ടും പോലീസിന് അക്രമിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, കേസും ചികിത്സയും വൈകിപ്പിച്ചതില്‍ ജാതി പഞ്ചായത്തിനെതിരെ ആരോപണം ഉയരുന്നുണ്ട്. സംഭവം അറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
രാജ്ഗഢ് ജില്ലയിലെ നരസിങ്ഗഢില്‍ അമ്മാവനും മുത്തശ്ശിക്കുമൊപ്പം താമസിച്ചുവരികയായിരുന്നു പെണ്‍കുട്ടി. ഫെബ്രുവരി ഒന്നിനാണ് ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവില്‍ പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ ഒരുമരച്ചുവട്ടില്‍നിന്നാണ് കണ്ടെത്തിയത്.
രക്തസ്രാവമുണ്ടായിരുന്നിട്ടും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ മുത്തശ്ശിയും അമ്മാവനും തയ്യാറായില്ല. സ്വയം ചികിത്സയ്ക്ക് ശ്രമിച്ച ഇവര്‍ കുറ്റകൃത്യം പോലീസിലും അറിയിച്ചില്ല.
പെണ്‍കുട്ടിയെ കാണാതായതിന്റെ പിറ്റേദിവസം ചേര്‍ന്ന പഞ്ചായത്ത് സംഭവം മൂടിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറ്റകൃത്യം നടന്ന സമയത്ത് പെണ്‍കുട്ടി ധരിച്ച വസ്ത്രം കുടുംബം കത്തിച്ചുകളഞ്ഞു.
എന്നാല്‍, വസ്ത്രത്തില്‍ രക്തക്കറ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതില്‍ പെണ്‍കുട്ടിയെ സ്വകാര്യഭാഗത്തടക്കം ഒന്നിലേറെ മുറിവുകളുള്ളതായി കണ്ടെത്തി.
പോക്‌സോ നിയമത്തിലേയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഭാരതീയ ന്യായസംഹിതയിലേയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു. കുട്ടിയെ വന്യമൃഗം ആക്രമിച്ചതാണെന്ന് പറഞ്ഞ് കുടുംബം അന്വേഷണത്തോട് നിസ്സഹകരിച്ചു.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുട്ടിയെ രാജ്ഗഢിലെ ആശുപത്രിയില്‍നിന്ന് ഭോപാലിലെ ആശുപത്രിയിലേക്ക് മാറ്റി. മുറിവിലെ അണുബാധയെത്തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയ നടത്തേണ്ടിവന്നു. എന്നാല്‍, പോഷകാഹാരക്കുറവും കരളിലെ അണുബാധയും മരണത്തിന് കാരണമാകുകയായിരുന്നു.
ആശുപത്രിയില്‍പ്പോലും പെണ്‍കുട്ടിയെ സന്ദര്‍ശിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് പോലീസുകാരനായിരുന്നു സഹായികളായി നിന്നത്. പെണ്‍കുട്ടിയുടെ അമ്മ രാജസ്ഥാൻകാരനായ മറ്റൊരാള്‍ക്കൊപ്പം പോയതിന് പിന്നാലെ പിതാവ് മദ്യപാനത്തിന് അടിമയായി.
നാലുവര്‍ഷം മുമ്പ് ഇയാള്‍ മരണപ്പെട്ടു. തുടര്‍ന്ന് മുത്തശ്ശിയും അമ്മാവനുമായിരുന്നു പെണ്‍കുട്ടിയെ വളര്‍ത്തിയത്.
കുറ്റവാളിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും കുടുംബത്തിന്റെ നിസ്സഹകരണം കാരണം സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്നും രാജ്ഗഢ് എസ്.പി. ആദിത്യ മിശ്ര പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനാണ് ആദ്യപരിഗണന.
#differently #abled #woman #tortured #abandoned #grandmother #uncle #information #Tragicend
