ന്യൂഡൽഹി: (www.truevisionnews.com) രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിക്കുന്നതു തുടർന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ രാജ്യസഭയിൽ മറുപടി പറയവേയാണു പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്.

കോൺഗ്രസ് പ്രവർത്തിക്കുന്നത് ഒരു കുടുംബത്തിനു വേണ്ടി മാത്രമാണെന്നും എല്ലാവരുടെയും വികസനത്തിൽ അവർ വിശ്വസിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് അംബേദ്കറെ വെറുത്തിരുന്നു എന്നതിന് തെളിവുകളുണ്ടെന്നും അടിയന്തരാവസ്ഥ പ്രഖ്യാപനത്തോടെ കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യത്തെ ഞെരിച്ചുടച്ചെന്നും അദ്ദേഹം പറഞ്ഞു.
‘‘സബ് കാ സാഥ്, സബ് കാ വികാസ് (എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം) കോൺഗ്രസിൽനിന്നു പ്രതീക്ഷിക്കുന്നത് വലിയ തെറ്റാണ്. ആ സങ്കൽപം അവരുടെ ചിന്തകൾക്കും അതീതമാണ്. അവരുടെ ലക്ഷ്യങ്ങൾക്ക് അതുമായി ചേർന്നു പോകാനേ ആവില്ല.
കാരണം കോൺഗ്രസ് പാർട്ടി ഒരു കുടുംബത്തോടു മാത്രമാണ് കടപ്പെട്ടിരിക്കുന്നത്. രാജ്യം ആദ്യം എന്നതാണ് ഞങ്ങളുടെ വികസന മാതൃക. കോൺഗ്രസിന്റെ ഭരണകാലത്ത് എല്ലായിടത്തും പ്രീണനമായിരുന്നു.
അതായിരുന്നു അവരുടെ രാഷ്ട്രീയത്തിന്റെ രീതി. 2014നു ശേഷം ഇന്ത്യയ്ക്കു മറ്റൊരു ഭരണരീതി ലഭിച്ചു. ആരെയും പ്രീണിപ്പിക്കുന്നതിൽ അല്ല മറിച്ച് സംതൃപ്തിയിൽ ഊന്നിയ ഭരണമാണ് ഞങ്ങളുടെ രീതി. ഇന്ന്, ജാതി വിഷം സമൂഹത്തിൽ പടർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
വർഷങ്ങളായി ഒബിസി വിഭാഗത്തിൽനിന്നുള്ള എംപിമാർ ഒബിസി പാനലിന് ഭരണഘടന പദവി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അവരുടെ ആവശ്യം നിരസിക്കപ്പെട്ടു. കോൺഗ്രസിന്റെ രാഷ്ട്രീയവുമായി അത് ചേർന്നിട്ടുണ്ടാവില്ല. പക്ഷേ ഞങ്ങൾ ഒബിസി പാനലിന് ഭരണഘടന പദവി കൊടുത്തു’’– മോദി പറഞ്ഞു.
എങ്ങനെയാണ് കോൺഗ്രസ് ബിആർ അംബേദ്കറെ പരിഗണിച്ചിരുന്നത്. എത്രത്തോളമാണ് അവർ അംബേദ്കറെ വെറുത്തിരുന്നതെന്നും ബാബ സാഹേബ് കോൺഗ്രസിനെതിരെ എന്തൊക്കെയാണു പറഞ്ഞിരുന്നത് എന്നതിനും രേഖകളുണ്ട്. തിരഞ്ഞെടുപ്പുകളിൽ അംബേദ്കറിന്റെ തോൽവി ഉറപ്പാക്കാൻ കോൺഗ്രസ് സകല അടവുകളും പയറ്റിയിരുന്നു.
കാരണം അവർക്ക് അദ്ദേഹത്തെ സഹിക്കാനാകുമായിരുന്നില്ല. അദ്ദേഹത്തെ കോൺഗ്രസ് ഭാരതരത്നയ്ക്കായി പോലും പരിഗണിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു. ഈ രാജ്യം ‘അടിയന്തരാവസ്ഥ’ എന്ന കാലത്തിനും സാക്ഷ്യം വഹിച്ചിരുന്നു. ഭരണഘടനയുടെ ആത്മാവിനെ എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്നും നമ്മൾ കണ്ടു.
വെറും അധികാരത്തിനുവേണ്ടി മാത്രമായിരുന്നു അത്. ഈ രാജ്യത്തിന് അതറിയാം. നെഹ്റുവിന്റെ കാലത്ത് മുംബൈയിൽ തൊഴിലാളികളുടെ സമരം നടന്നിരുന്നു. അതിനെ അനുകൂലിച്ച് അന്നത്തെ പ്രമുഖ കവി മജ്‌രൂഹ് സുൽത്താൻപുരി ഒരു കവിത എഴുതിയിരുന്നു. അതിനുശേഷം അദ്ദേഹം ജയിലിലായി.
പ്രതിഷേധത്തിൽ പങ്കെടുത്തതിന് നടൻ ബൽരാജ് സാഹ്നിയെ തടവിലിട്ടു. ലതാ മങ്കേഷ്കറുടെ സഹോദരൻ ഹൃദയനാഥ് മങ്കേഷ്കറിന് വീർ സവർക്കറെക്കുറിച്ച് ഗാനം ആലപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ റേഡിയോയിൽനിന്ന് വിലക്കി’– മോദി പറഞ്ഞു.
#NarendraModi #attacks #Congress #Congress #works #family #hated #Ambedkar
