നെടുമ്പാശ്ശേരി: ( www.truevisionnews.com) നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദ സഞ്ചാരികളോട് പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.

കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ വിനോദ സഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെയെന്ന് കണക്കാക്കാനോ വിനോദ സഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. മന്ത്രി അങ്ങനെയൊരു നിർദേശവും നൽകിയിട്ടുമില്ല.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അത് വിമാനത്താവള അധികൃതരെ അറിയിക്കണം. അതിനുപകരം അതുമായി ഒരു ബന്ധവുമില്ലാത്ത മന്ത്രിയുടെ പേരിൽ വ്യാജ പ്രചാരണങ്ങൾ അടിച്ചിറക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
#Fakemessage #Minister #MohammadRiaz #complaint #filed #policechief
