കൊച്ചി: ( www.truevisionnews.com) എറണാകുളം കോതമംഗലത്ത് ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്.
തൃശൂർ കൊരട്ടി സ്വദേശി റിയാദ്, കൊടുങ്ങല്ലൂർ സ്വദേശി തൻസീർ എന്നിവർ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ അതിവിദഗ്ദ്ധമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി നിന്ന കോതമംഗലം കുത്തുകുഴിയിലെ ഹൈപ്പർ മാർക്കറ്റിൽ മോഷ്ടാക്കൾ എത്തിയത് ഡിസംബർ 23-ന് പുലർച്ചെയാണ്.
കടയുടെ മുൻവശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികൾ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്നു. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് ആദ്യം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം ഏറ്റെടുത്ത ഊന്നുകൽ പൊലീസിനെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യം വ്യക്തമല്ലെന്നത് കുഴക്കി.
കടയിലെ സിസിടിവിയിൽ ഹെൽമറ്റ് ധരിച്ച് ഇരുവരും മോഷണം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും പ്രതികളെ തിരിച്ചറിയാൻ നന്നെ പാടായിരുന്നു. വസ്ത്ര ധാരണത്തിൽ നിന്നും പ്രതികൾ ചെറുപ്പാക്കാരാകനുളള സാധ്യത പൊലീസ് കണ്ടെത്തി.
തെളിവുകളോരോന്നായി ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാഴ്ചക്കുള്ളിലാണ് കൊടുങ്ങല്ലൂരിൽ നിന്നും മോഷ്ടാക്കളെ പിടികൂടുന്നത്. പ്രതികളെ കോതമംഗലത്തെത്തിച്ച പൊലീസ് തെളിവെടുപ്പ് നടത്തി. ഇവർക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
#police #have #arrested #accused #who #broke #open #hypermarket #robbed #2.5lakh #rupees