കടുങ്ങല്ലൂർ(ആലുവ): ( www.truevisionnews.com ) റോഡിൽ അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്.
എരമം കുന്നുംപുറം ഭാഗത്ത് തിങ്കളാഴ്ച്ച പുലർച്ചയാണ് സംഭവം. പാനായിക്കുളം സ്വദേശികളായ മുഹമ്മദ് മൻസൂർ (21), മുഹമ്മദ് ഷഹൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
മുഹമ്മദ് ഷഹലിന് കഴുത്തിൽ ഗുരുതരമായ പരിക്കേറ്റു. വാഹനത്തിൻറെ വേഗത കുറവായതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പരിക്കേറ്റ യുവാക്കൾ പറഞ്ഞു. സമീപപ്രദേശത്തെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള ശ്രവിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇരുവരും.
ഇടുങ്ങിയ പല പഞ്ചായത്ത് റോഡുകളിലും കേബിളുകൾ ഉയരം കുറഞ്ഞ നിലയിലും, വഴിയിൽ ഉപേക്ഷിച്ച നിലയിലും, പൊട്ടിയ നിലയിലുമായി കിടക്കുന്നുണ്ട്.
നാട്ടുകാർ പലതവണ അധികാരികൾക്ക് മുമ്പിൽ പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് മഹിള കോൺഗ്രസ് നേതാവ് സുമയ്യ റഷീദ് ആരോപിച്ചു.
പരിക്കേറ്റ യുവാക്കൾ അറിയിച്ചതിനെ തുടർന്ന് കേസെടുക്കുമെന്ന് ബിനാനിപുരം പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം എടയാർ മക്കപ്പുഴ കവലക്ക് സമീപം റോഡിലെ കുഴിയിൽ വീണ് യുവാവിന് പരിക്കേറ്റിരുന്നു.
#broken #cable #road #got #stuck #around #his #neck #Youth #bikers #injured