ഹരിപ്പാട് ( ആലപ്പുഴ ) : ( www.truevisionnews.com ) റോഡരികിൽ നിന്ന് ക്രിസ്മസ് സന്ദേശം നൽകുന്നത് ഭീഷണിപ്പെടുത്തി തടഞ്ഞ് ആർ.എസ്.എസ്.നേതാവ്. കഴിഞ്ഞ ദിവസം രാത്രി മുതുകുളം വെട്ടത്തുമുക്കിൽ പെന്തക്കോസ്ത് വിഭാഗം പ്രവർത്തകരാണ് ഭീഷണിക്കിരയായത്.
ക്രിസ്മസ് സന്ദേശം പ്രസംഗിച്ചുകൊണ്ടിരുന്ന ആൾക്കടുത്തേക്ക് ബൈക്കിലെത്തി ആർ.എസ്.എസ്. കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് ഭീഷണി മുഴക്കുകയായിരുന്നു.
മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് പ്രാസംഗികൻ തിരികെ ചോദിച്ചു.
പ്രശ്നം ഉണ്ടാകാതിരിക്കാനാണ് നിർത്താൻ പറഞ്ഞത് എന്നായിരുന്നു രതീഷിന്റെ മറുപടി. ഞങ്ങളിത് വർഷങ്ങളായി നടത്തുന്നതാണെന്ന് പറഞ്ഞപ്പോൾ, എത്ര വർഷമായാലും നടത്താൻ പറ്റില്ല എന്ന് ഭീഷണി കടുപ്പിച്ചു. ഇതോടെ പരിപാടി അവസാനിപ്പിച്ചു അവർ മടങ്ങി. പൊലീസിൽ പരാതി നൽകിയിട്ടില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മുതുകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടത്തുമുക്ക് ജങ്ഷനിൽ പ്രതിഷേധ യോഗവും ക്രിസ്മസ് കരോളും സംഘടിപ്പിച്ചു.
സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ.എസ്. ഷാനി ഉദ്ഘാടനം ചെയ്തു. എൽ.സി സെക്രട്ടറി കെ. വാമദേവൻ, ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് ട്രഷറർ പി. പ്രവീൺ എന്നിവർ സംസാരിച്ചു.
#rss #leader #stopped #giving #christmas #message #haripad