ആലുവ: ( www.truevisionnews.com ) ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയിൽനിന്ന് 39,80,000 രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ.
തൃശൂർ പോട്ട പഴമ്പിള്ളി പുല്ലൻവീട്ടിൽ നബിനെയാണ് (26) ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്.
നിക്ഷേപത്തിന് ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ വൻ ലാഭമാണ് തട്ടിപ്പുസംഘം വാഗ്ദാനം ചെയ്തത്. ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് പിറവം സ്വദേശി ഇവരുമായി ബന്ധപ്പെടുന്നത്.
പുതുതായി തുടങ്ങുന്ന ഐ.പി.ഒകളിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയോ അതിലേറെയോ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ഇതിൽ വിശ്വസിച്ച ഇയാൾ ഏപ്രിലിൽ വിവിധ ദിവസങ്ങളിലായി സംഘത്തിന്റെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു.
16 പ്രാവശ്യമായാണ് പണം നിക്ഷേപിച്ചത്. ഓരോ ഘട്ടം കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർധിക്കുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ, നിക്ഷേപം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് തട്ടിപ്പ് മനസ്സിലായി പരാതി നൽകിയത്.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്.
നബിന്റെ അക്കൗണ്ടിലൂടെ ആറുമാസത്തിനുള്ളിൽ 1.26 കോടിയുടെ ഇടപാടാണ് നടന്നിട്ടുള്ളത്.
തട്ടിപ്പുസംഘത്തിൽപെട്ട മറ്റ് ആളുകൾ അയച്ചുകൊടുക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചയച്ചുകൊടുക്കുന്നതും ഇയാളായിരുന്നു.
#Fraud #lakhs #name #onlinetrading #One #person #arrested