ന്യൂഡല്‍ഹി: (truevisionnews.com) രാജ്യസഭയില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
ഭരണഘടനയെ കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തില്‍ തുടരാന്‍ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര'എന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരേയും ഷാ ആഞ്ഞടിച്ചു.
'ചില രാഷ്ട്രീയക്കാര്‍ 54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു. ഭരണഘടന മാറ്റുമെന്ന് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥ അനുഛേദം 368-ല്‍ ഉള്ളതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'- അമിത് ഷാ പറഞ്ഞു.
16 വര്‍ഷക്കാലത്തെ ബി.ജെ.പി. ഭരണകാലയളവില്‍ 22 തവണയാണ് ഭരണഘടനയില്‍ ഭേദഗതി വരുത്തിയത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് 77 തവണ ഭേദഗതി വരുത്തി.
തോല്‍ക്കുമെന്ന ഭയംകൊണ്ടാണ് ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ തോല്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റംപറയും.
മതാടിസ്ഥാനത്തില്‍ രാജ്യത്ത് സംവരണം അനുവദിക്കില്ലെന്നും എല്ലാ സംസ്ഥാനത്തും ഏക സിവില്‍ കോഡ് നടപ്പാക്കുമെന്നും അമിത്ഷാ പറഞ്ഞു.
സംവരണവിരുദ്ധരായ കോണ്‍ഗ്രസ് അധികാരത്തിനായി സംവരണത്തെക്കുറിച്ച് പറയുകയാണെന്നും ഷാ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഭരണഘടനയെ സ്വകാര്യ സ്വത്താക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തിയ ഷാ, വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് വര്‍ഷങ്ങളായി മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയതെന്നും ആരോപിച്ചു.
#Some #politicians #still #young #54 #AmitShah #mocks #RahulGandhi