ആലപ്പുഴ: ( www.truevisionnews.com) വലിയ സ്വപ്നങ്ങൾ കണ്ടെത്തിയ ക്യാമ്പസിലേക്ക് അവർ അഞ്ച് പേരും ഒന്നിച്ച് അവസാനമായെത്തി. കണ്ടു നിൽക്കാനാകാതെ കണ്ണീരണഞ്ഞ് സഹപാഠികളും സുഹൃത്തുക്കളും അധ്യാപകരും.
ആലപ്പുഴ കളർകോട് അപകടത്തിൽപ്പെട്ട് മരിച്ച 5 മെഡിക്കൽ വിദ്യാർത്ഥികളുടേയും പൊതുദർശനം വണ്ടാനം മെഡിക്കൽ കോളേജിൽ തുടങ്ങി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.
പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്.
മരിച്ച ദേവാനന്ദന്റെ രക്ഷിതാക്കൾ മെഡിക്കൽ കോളേജിൽ പൊതുദർശനം നടക്കുന്ന സ്ഥലത്തെത്തിയിട്ടുണ്ട്. ഏകമകനാണ് ദേവാനന്ദൻ. പൊതുദർശത്തിന് ശേഷം നാല് പേരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകും. ലക്ഷദ്വീപ് വിദ്യാർഥിയുടെ കബറടക്കം എറണാകുളം ടൗൺ ജുമാ മസ്ജിദിൽ 3 മണിയോടെ നടക്കും.
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്.
അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.
#alappuzha #medical #students ##kalarkode #accident