കൽപറ്റ: ( www.truevisionnews.com ) പൊലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്.
കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീർ പള്ളിവയലിനെതിരെ കൽപറ്റ ഇൻസ്പെക്ടർ കെ.ജെ. വിനോയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ശനിയാഴ്ച യൂത്ത് കോൺഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ജഷീർ പള്ളിവയിലിന് ക്രൂരമായി മർദനമേറ്റിരുന്നു.
ഇതിനു പിന്നാലെയാണ്, വിനോയ്‌യുടെ ചിത്രവും ‘ദൈവം ആയുസ്സ് തന്നിട്ടുണ്ടേൽ മോനേ വിനോയ് കെ.ജെ. തന്നെ വിടത്തില്ല’ എന്ന കുറിപ്പും സമൂഹ മാധ്യമങ്ങളിൽ ജഷീർ പങ്കുവച്ചത്.
തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവച്ചതെന്ന് പരാതിയിൽ പറയുന്നു. കൽപറ്റ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ശനിയാഴ്ച കലക്ടറേറ്റ് മാർച്ച് നടത്തിയത്. പൊലീസ് ലാത്തിച്ചാർജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.
ഗ്രനേഡ് ഉൾപ്പെടെ പൊലീസ് പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അമൽ ജോയ്, ജഷീർ എന്നിവരെയാണ് പൊലീസ് വളഞ്ഞിട്ട് മർദിച്ചത്.
മർദനത്തിൽ അമ്പതോളം പേർക്ക് പരുക്കേറ്റു. മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തർ ഡിവൈഎസ്പി ഓഫിസ് മാർച്ചും നടത്തി.
#Case #against #YouthCongress #leader #who #threatened #police