ഹൈദരാബാദ്: (truevisionnews.com) മലേഷ്യക്കെതിരായ സൗഹൃദ മത്സരത്തിലും ജയം കണ്ടെത്താൻ ഇന്ത്യയ്ക്കായില്ല.ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്ത്യയുടെ ഈ വർഷത്തെ അവസാന മത്സരവുമായിരുന്നു ഇത്.
2024ൽ 11 മത്സരങ്ങൾ കളിച്ചിട്ടും ഒന്നിൽപോലും ജയിക്കാൻ ഇന്ത്യ ബ്ലൂ ടൈഗേഴ്സിനായില്ല. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.
19ാം മിനിറ്റിൽ ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്‍റെ പിഴവിൽനിന്ന് പൗലോ ജോഷ്വ മലേഷ്യക്കായി ഗോൾ നേടി. 39ാം മിനിറ്റിൽ രാഹുൽ ഭേകെയിലൂടെ ഇന്ത്യ ഒപ്പമെത്തി. ബ്രാൻഡൻ ഫെർണാഡസിന്‍റെ കോർണർ ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലാക്കിയത്.
പത്ത് മാസത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ പ്രതിരോധ താരം സന്ദേശ് ജിങ്കാൻ ഉണ്ടായിട്ടും മത്സരം ജയിക്കാൻ ഇന്ത്യയ്‌ക്കയില്ല.
പുതിയ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യ കളിച്ച നാലാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ ജയത്തിനായി മാർക്വേസിന് ഇനിയും കാത്തിരിക്കണം. ഇന്റർ കോണ്ടിനന്റൽ കപ്പിൽ സിറിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം നഷ്ടമായതിന് പിന്നാലെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125ാം സ്ഥാനത്തും മലേഷ്യ 133ാം സ്ഥാനത്തുമാണ്.
#India #victory #draw #against #malaysia#friendlymatch