കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് ജില്ലയിലെ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ആരോപണവും കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചതും വലിയ വാർത്തയായിരുന്നു.
ഇപ്പോഴിതാ കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തിൽ വൈറലാവുകയാണ്.
ചേവായൂരിൽ നടുറോഡിൽ ഇരു വിഭാഗങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴാണ് കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്.
ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് വഴക്ക് നിർത്തി ആംബുലൻസിന് വഴിയൊരുക്കുകയായിരുന്നു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതാണ് 'റിയൽ കേരള' മോഡലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ചേവായൂർ സഹകരണ ബാങ്കിൽ കോൺഗ്രസ് പ്രവർത്തകരും വിമതരും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങി.
വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ പലവട്ടം ഏറ്റുമുട്ടിയിരുന്നു.
ഇതിനിടയിലാണ് രോഗിയുമായി ആംബുലൻസ് എത്തുന്നത്. തമ്മിലടി നിർത്തി പ്രവർത്തകർ ആംബുലൻസിന് വഴിയൊരുക്കി. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല് തുടർന്നു.
"ആംബുലൻസിലുള്ള ആളുടെ ജീവൻ രക്ഷിച്ചിട്ടു വേണം, അപ്പുറത്ത് നിൽക്കുന്നവനെ തല്ലി കൊല്ലാൻ... Mr മലയാളി, നിങ്ങളെ എനിക്കു മനസിലാകുന്നില്ല .....തല്ലുകാര് ആംബുലൻസ് വരുന്നു സുഹൃത്തുക്കളെ എല്ലാരും വഴികൊടുക്ക് pls തല്ലുകാര്:ആംബുലൻസ് പോയി നീ എന്നെ തല്ലും അല്ലേടാ നാറി, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയിൽ നിറഞ്ഞിരിക്കുന്നത്....
പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലും ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകർക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ദേശീയ മാധ്യമങ്ങളടക്കം വീഡിയോ വാർത്തയാക്കിയിരുന്നു. ഇതാണ് കോഴിക്കോട്ടുകാരെന്നും, റിയൽ കേരളയെന്നുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമന്‍റുകൾ.
#Ambulance #during #Kozhikode #riots #those #who #were #beaten #paving #way #Socialmedia #says #This #is #the #real #Kerala