പാലക്കാട്: (truevisionnews.com) ബി.ജെ.പിയുമായി ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ സ്വീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സി.പി.ഐ നേതൃത്വം.
പാർട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്നാണ് ഒരു വാർത്ത ചാനലിനു നൽകിയ അഭിമുഖത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് പ്രതികരിച്ചത്.
സി.പി.ഐയിലേക്ക് ആര് വരാൻ തയാറായാലും സ്വീകരിക്കും. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദീപ് വാര്യരുമായി സംസാരിച്ചുവെന്ന വാർത്തകളും സി.പി.ഐ തള്ളിയില്ല.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മുമ്പായി സന്ദീപ് വാര്യർ ബി.ജെ.പി വിടുമോ എന്നാണ് അറിയാനുള്ളത്. സന്ദീപ് സി.പി.ഐയുടെ മണ്ണാർക്കാട്ടെ പ്രദേശികനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.
എൻ.ഡി.എ കണ്‍വെന്‍ഷൻ വേദിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സന്ദീപും പാർട്ടിയും ഇടഞ്ഞത്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ ഫലംകണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണരംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്‍റെ അസാന്നിധ്യം ചർച്ചയായിരുന്നു.
എൻ.ഡി.എ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിരുന്നില്ല. പ്രതിഷേധ സൂചകമായി അദ്ദേഹം വേദിയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബി.ജെ.പിയുമായി ഇടഞ്ഞത്.
പാലക്കാട്ടെ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറുമായി സന്ദീപ് വാര്യര്‍ക്ക് അഭിപ്രായവ്യത്യാസവുമുണ്ട്. മൂത്താന്തറയിലെ പ്രശ്‌നപരിഹാരത്തിന് സന്ദീപ് ഇടപെട്ടത് സി. കൃഷ്ണകുമാറിനെ അലോസരപ്പെടുത്തിയിരുന്നു.
#Party #policy #adopted #approved #CPI #not #reject #SandeepWarrier