ന്യൂഡൽഹി: (truevisionnews.com) 2023 ൽ നടത്തിയ ശസ്ത്രക്രിയക്കിടെ 23 സെന്റീമീറ്റർ നീളമുള്ള പൈപ്പ് അടിവയറ്റിൽ അവശേഷിച്ചതായി കാട്ടി നോയിഡ സെക്ടർ 51ലെ സ്വകാര്യ ആശുപത്രിക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി.
അടുത്തിടെ നടന്ന മറ്റൊരു ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി ഇക്കാര്യം കണ്ടെത്തിയത്. കിരൺ നേഗി എന്ന യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്ടർ 49 പൊലീസ് സ്റ്റേഷനിൽ പ്രഥമ വിവര റിപ്പോർട്ട് റജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആരോപണം നിഷേധിച്ചു.
2023 ഫെബ്രുവരിയിൽ ആശുപത്രിയിൽ വച്ച് ഗർഭപാത്രത്തിൽ വളരുന്ന മുഴകൾ നീക്കം ചെയ്യൽ ശസ്ത്രക്രിയക്ക് വിധേയയായ ശേഷം തനിക്ക് നിരന്തരമായ വേദന അനുഭവപ്പെട്ടിരുന്നതായി നേഗി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
തുടർചികിത്സകൾ നടത്തിയിട്ടും ആരോഗ്യ നില മെച്ചപ്പെട്ടില്ല. ഏഴു മാസങ്ങൾക്കുശേഷം, സെക്ടർ 19ലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. അവിടെ മറ്റൊരു ശസ്ത്രക്രിയ നടത്തി.
ഈ പ്രക്രിയയ്ക്കിടെ, വയറിൽ നിന്ന് 23 സെന്റീമീറ്റർ നീളമുള്ള പൈപ്പ് ഡോക്ടർമാർ കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
സ്വകാര്യ ആശുപത്രിയോട് ആരോഗ്യ വകുപ്പ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട ആശുപത്രി കൂടുതൽ വിവരങ്ങൾ ഉടനടി പരസ്യമാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ വിശദീകരണത്തിൽ പറയുന്നത്.
ആരോഗ്യം ഭേദപ്പെട്ട ശേഷമാണ് രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നഷ്ടപരിഹാരം തേടാനാണ് യുവതിയുടെ ശ്രമമെന്നും ആശുപത്രി അധികൃതർ ആരോപിച്ചു.
#tube #got #stuck #stomach #during #surgery #remove #tumor #uterus #woman #complained