പത്തനംതിട്ട: (truevisionnews.com) എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യക്ക് ജാമ്യം കിട്ടില്ല എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് നവീന്റെ ഭാര്യ മഞ്ജുഷ.
കൂടുതൽ കാര്യങ്ങൾ അഭിഭാഷകനുമായി സംസാരിച്ച് തീരുമാനമെടുക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ദിവ്യക്ക് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഈ മാസം അഞ്ചിന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു.
തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ആണ് വിധി പറഞ്ഞത്.
ഒക്ടോബർ 29നാണ് ആത്മഹത്യ പ്രേരണകേസിൽ പി.പി. ദിവ്യയെ റിമാൻഡ് ചെയ്തത്. അന്നുമുതൽ കണ്ണൂർ പള്ളിക്കുന്നിലെ വനിത ജയിലിലാണ് ദിവ്യ. ഒക്ടോബർ 14നാണ് എ.ഡി.എമ്മിന്റെ മരണത്തിന് കാരണമായ യാത്രയയപ്പ് യോഗം നടന്നത്.
യോഗത്തിൽ ക്ഷണിക്കാതെ എത്തിയ ദിവ്യ എ.ഡി.എമ്മിനെതിരെ അഴിമതി ആരോപിച്ചു പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. ഒക്ടോബർ 15ന് രാവിലെ എ.ഡി.എം ജീവനൊടുക്കി. അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കേസ്.
ജാമ്യം ഇന്ന് പരിഗണിക്കാനിരിക്കെ, ഇന്നലെ ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയുടെ അടിയന്തര യോഗം തീരുമാനിച്ചിരുന്നു. രാത്രിയോടെ തരംതാഴ്ത്തൽ നടപടിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരവും നൽകി.
കെ. നവീൻബാബു കൈക്കൂലി കൈപ്പറ്റിയെന്ന് ആവർത്തിക്കുകയാണ് ജാമ്യാപേക്ഷയിൽ നടന്ന വാദത്തിൽ ദിവ്യ ചെയ്തത്.
പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തും നവീൻബാബുവും ഫോണിൽ സംസാരിച്ചെന്നും ഇരുവരും കണ്ടുമുട്ടിയതിന് സി.സി.ടി.വി ദ്യശ്യങ്ങൾ ഉണ്ടെന്നുമാണ് വാദത്തിൽ അഭിഭാഷകൻ കെ. വിശ്വൻ ചൂണ്ടിക്കാട്ടിയത്.
രണ്ട് മണിക്കൂർ നീണ്ട വാദങ്ങളാണ് ദിവ്യയുടെ അഭിഭാഷകനും പ്രോസിക്യൂഷനും നവീന്റെ കുടുംബത്തിന്റെ അഭിഭാഷകൻ ജോൺ എസ്. റാൽഫും തമ്മിൽ നടന്നത്.
#Manjusha #Naveen #wife #expected #bail #granted #legal #battle #continue