കൊല്ലങ്കോട്: (truevisionnews.com)വഴിയോര വില്പനകേന്ദ്രത്തിൽ കരിമ്പ് ജ്യൂസ് ഉണ്ടാക്കുന്നതിനിടെ യന്ത്രത്തിൽ കൈകുടുങ്ങി വില്പനക്കാരിയുടെ അഞ്ച് വിരലുകളും അറ്റുപോയി.
കൊല്ലങ്കോട് പൊരിച്ചോളം വീട്ടിൽ ഉമാമഹേശ്വരിയുടെ ഇടതുകൈയിലെ വിരലുകളാണ് പൂർണമായും നഷ്ടപ്പെട്ടത്.
കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയിലെ വടവന്നൂർ കല്യാണമണ്ഡപത്തിനുസമീപം വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
ജ്യൂസെടുക്കാനായി യന്ത്രം പ്രവർത്തിച്ചുതുടങ്ങിയ സമയം വസ്ത്രത്തിന്റെ ഷാൾ യന്ത്രത്തിൽ കുടുങ്ങുകയും ഇതിനൊപ്പം കൈ യന്ത്രത്തിനകത്തേക്ക് പെടുകയുമായിരുന്നു.
നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികൾ ഉമാമഹേശ്വരിയെ ആദ്യം കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
യന്ത്രത്തിൽ മുറിഞ്ഞുകിടന്ന വിരലുകൾ പിന്നീട് പുറത്തെടുത്ത് ഐസ് പെട്ടിയിൽ സൂക്ഷിച്ച് മറ്റൊരു ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വിരലുകൾ തുന്നിച്ചേർക്കാൻ കഴിയാത്തവിധം ചതഞ്ഞതായി കണ്ടെത്തുകയായിരുന്നു.
ഇതേത്തുടർന്ന് ശസ്ത്രക്രിയ നടത്തിയശേഷം യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ജോലിസമയത്ത് സാധാരണ വസ്ത്രത്തിനുമേൽ ഓവർക്കോട്ട് ധരിച്ച് യന്ത്രം പ്രവർത്തിപ്പിക്കാറുള്ള ഉമാമഹേശ്വരി വ്യാഴാഴ്ച രാവിലെ കോട്ടുധരിക്കുന്നതിനുമുൻപാണ് അപകടമുണ്ടായത്.
വില്പനകേന്ദ്രം തുറന്നയുടൻ, തിരക്കുപിടിച്ചുവന്ന ഒരാൾക്ക് ജ്യൂസ് നൽകാനായി കോട്ട് ധരിക്കാതെ യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊല്ലങ്കോട് പട്ടണത്തിൽ ഓട്ടോഡ്രൈവറായ ഉദയകുമാറിന്റെ ഭാര്യയാണ് ഉമാമഹേശ്വരി. നേരത്തേ, പൊള്ളാച്ചി റോഡിൽ നെടുമണിക്കുസമീപം പ്രവർത്തിച്ചിരുന്ന വില്പനകേന്ദ്രം രണ്ടര മാസം മുൻപാണ് വടവന്നൂരിലേക്ക് മാറ്റിസ്ഥാപിച്ചത്.
#Hand #stuck #machine #while #making #sugarcane #juice #Cut #off #five #fingers #saleswoman