കൊച്ചി: (truevisionnews.com) എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ചിറ്റൂർ റോഡിൽ കെ.യു.ആർ.ടി.സിയുടെ എ.സി ലോഫ്ലോർ ബസിന് തീപ്പിടിച്ച സംഭവത്തിൽ വൻ ദുരന്തമൊഴിവാക്കിയത് ജീവനക്കാരുടെ സമയോചിത ഇടപെടൽ.
യാത്രക്കാരുമായി സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് ചിറ്റൂർ റോഡിൽ ഈയാട്ടുമുക്കിൽ നടുറോഡിൽ ബസിന് തീപ്പിടിച്ചത്. തീ ആളിപ്പടരുന്നതിന് മുമ്പേ മുഴുവൻ യാത്രക്കാരെയും ജീവനക്കാർ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
23ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് തൊടുപുഴയിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. ആധുനിക സംവിധാനങ്ങളുള്ള ബസിൽ തീപ്പിടിത്ത മുന്നറിയിപ്പ് നൽകുന്ന സംവിധാനമുണ്ടായിരുന്നു.
ബസിന്‍റെ ഡിസ്പ്ലേയിൽ ഇറർ കോഡ് കാണിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടതും ഉടനെ ബസ് നിർത്തി മുഴുവൻ ജീവനക്കാരെയും ഇറക്കി.
നിമിഷങ്ങൾക്കകം ബസിന്‍റെ എൻജിൻ ഉൾപ്പെടുന്ന പിൻഭാഗത്തുനിന്ന് തീ ആളിപ്പടരാൻ തുടങ്ങിയിരുന്നു. ബസിലെയും സമീപത്തെ കടകളിലെയും അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും തീകെടുത്താനായില്ല. പിന്നാലെ ഫയർഫോഴ്സ് എത്തി തീകെടുത്തിയെങ്കിലും ബസ് ഏറെക്കുറേ പൂർണമായും കത്തിയിരുന്നു.
വിവരമറിഞ്ഞ് ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും പൊലീസ്, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
#LowfloorKSRTCbus #caught #fire #major #disaster #averted #timely #intervention #staff