ന്യൂഡല്‍ഹി: (truevisionnews.com) പരിശോധിക്കാനായി ബൈക്ക് തടഞ്ഞ പോലീസുകാരെ ആക്രമിച്ച അച്ഛനും മകനും അറസ്റ്റില്‍ .
മോഡിഫൈ ചെയ്ത സൈലന്‍സര്‍ ഉപയോഗിച്ചത് പരിശോധിക്കാനായി ബൈക്ക് തടഞ്ഞതിനാണ് പ്രതികള്‍ പോലീസിനെ ആക്രമിച്ചത്.
തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇവരുടെ ആക്രമണത്തില്‍ ഡല്‍ഹി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റു. 24-കാരനായ ആസിഫും ഇയാളുടെ പിതാവ് റിയാസുദ്ദീനുമാണ് അറസ്റ്റിലായത്.
ബുള്ളറ്റ് ബൈക്കില്‍ അമിത ശബ്ദമുണ്ടാക്കിയെത്തിയതിനെ തുടര്‍ന്നാണ് 24-കാരനായ ആസിഫ് എന്ന യുവാവിനെ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്.
പരിശോധനയില്‍ വാഹനത്തിന്റെ സൈലന്‍സര്‍ മോട്ടോര്‍ വാഹന നിയമപ്രകാരം നിയമവിരുദ്ധമായി മോഡിഫൈ ചെയ്തതും അനുവദനീയമായ പരിധിക്കപ്പുറമുള്ള ശബ്ദം പുറപ്പെടുവിക്കുന്നതുമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് ആസിഫ് തന്റെ പിതാവ് റിയാസുദ്ദീനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ റിയാസുദ്ദീന്‍, ബൈക്ക് ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു.
ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും പോലീസുകാരെ ആക്രമിച്ചത്. ഒരു പോലീസുകാരന്റെ കണ്ണിന് മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും എസ്.എച്ച്.ഒയേയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ശാരീരികമായി ഉപദ്രവിച്ചതിനുമാണ് ആസിഫിനും പിതാവിനുമെതിരേ കേസെടുത്തിരിക്കുന്നത്.
#Father #son #arrested #attacking #policemen #who #stopped #their #bike.