Oct 27, 2024 08:55 PM

കൊച്ചി: (truevisionnews.com) തൃശൂർ പൂരത്തിൽ ഒരു ആചാരവും മുടങ്ങിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ്. തൃശൂരിൽ കോൺഗ്രസ് കെ. മുരളീധരനെ സ്ഥാനാർഥിയാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് മന്ത്രി ആരോപിച്ചു.

മഅ്ദനി വിഷയത്തിൽ ജയരാജന്റെ അഭിപ്രായം ജയരാജന്റേതു മാത്രമാണ്. അദ്ദേഹത്തിന്റെ പുസ്തകം വായിക്കുന്നവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ട് ബിജെപിയെ പരാജയപ്പെടുത്തണമെന്ന് വിചാരിച്ചിരുന്ന ഒരു മതന്യൂനപക്ഷ വിഭാഗം മുൻപ് സിപിഎമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി-സിപിഎം ധാരണ ഉണ്ടായ 1990ലെ കത്തിന്റെ കാര്യത്തിൽ സംശയമാണെന്നും മന്ത്രി രാജീവ് പറഞ്ഞു.

മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും സിപിഐയും സിപിഎമ്മും പറഞ്ഞതെല്ലാം ഒന്നുതന്നെയാണ്. പൂരം വിവാദത്തിൽ സിപിഐയുടെ നേതാക്കൾക്ക് നിയമസഭയിൽ തന്നെ മറുപടി കൊടുത്തിട്ടുള്ളതാണ്.

പൂരത്തിന്റേതായിട്ടുള്ള ഒരു ആചാരവും മുടങ്ങിയിട്ടില്ല. പൂരം കലക്കാൻ ശ്രമം നടന്നു. അതേക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. വെടിക്കെട്ട് വൈകിയത് ഒഴിച്ചാൽ ബാക്കിയെല്ലാം നടന്നു. ആചാരപരമായ ഒരു കാര്യങ്ങൾക്കും തടസം ഉണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രിയും വ്യക്തമാക്കിയിരുന്നുവെന്നും പി. രാജീവ് പറഞ്ഞു.

''ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കാൻ തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അങ്ങനെ ഒരാളെ അവിടെ മത്സരിപ്പിച്ചത് ബിജെപിക്ക് വേണ്ടിയാണ്.

ബിജപി ജയിക്കരുതെന്ന് ആഗ്രഹിച്ച മതനിരപേക്ഷ വാദികൾ അന്ന് പാലക്കാട് സിറ്റിങ് എംഎൽഎയ്ക്ക് വോട്ട് ചെയ്തു. ഇപ്പോൾ കോൺഗ്രസിന്റെ വോട്ടും നിഷ്പക്ഷരുടെ വോട്ടും സമാഹരിക്കാനാണ് പി. സരിൻ വന്നിരിക്കുന്നത്.

മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റെ കൊലവിളി പ്രസംഗം ഏതെങ്കിലും മാധ്യമങ്ങൾ ചർച്ച ചെയ്‌തോ? ഈ സ്ഥാനത്ത് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നെങ്കിൽ രണ്ടാഴ്ച ചർച്ച ചെയ്‌തേനെ. കോൺഗ്രസിനു മാധ്യമപരിലാളനകൾ ലഭിക്കുന്നതിനാൽ ഇത്തരം വിഷയങ്ങൾ പുറത്തുവരുന്നില്ല.''

ഏറ്റവുമൊടുവിൽ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട കത്ത് പുറത്തുവന്നു. കോൺഗ്രസ് വല്ലാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നു എന്നതാണ് ഇതിനർഥമെന്നും മന്ത്രി രാജീവ് പറഞ്ഞു.



#About #AbdnazarMadani #PMinister #pRajeev #said #PJayarajan #said #his #only #opinion.

Next TV

Top Stories