ചർകി ദാദ്രി: (truevisionnews.com) ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കഴിച്ചത് ബീഫ് ആയിരുന്നില്ലെന്ന് പരിശോധനാ ഫലം. ചർകി ദാദ്രി ജില്ലയിൽ ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുവന്നു.
ബംഗാൾ സ്വദേശിയായ സബീർ മാലിക്ക് എന്ന തൊഴിലാളി ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് രണ്ട് മാസത്തിനു ശേഷമാണ് ബീഫ് അല്ലെന്ന ലാബ് റിപ്പോർട്ട് പൊലീസ് കുടുംബത്തെ അറിയിച്ചത്.
സബീറിന്റെ മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് സഹോദരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോഴാണ് പൊലീസ് ഈ വിവരം കൈമാറിയത്. ഓഗസ്റ്റ് 27ന് നടന്ന സംഭവത്തിൽ ഇതുവരെ 10 പ്രതികളാണ് അറസ്റ്റിലായത്. ആറ് പേരെ ഇനിയും കണ്ടെത്താനുണ്ട്.
പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളിയായ സബീർ മാലിക്കിനെ കുടിലിൽ ബീഫ് വെച്ചെന്നാരോപിച്ചാണ് ഒരു സംഘം തല്ലിക്കൊന്നത്. സബീറിനെ അടുത്തുള്ള ഒരു കടയിലേക്ക് വിളിച്ചുകൊണ്ടുവന്ന സംഘം, ക്രൂരമായി മർദ്ദിച്ചു.
തുടർന്ന് ബൈക്കിൽ കയറ്റി മറ്റൊരു സ്ഥലത്തു കൊണ്ടുപോയും മരിക്കുന്നതുവരെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ശേഷം ഇയാൾ താമസിച്ചിരുന്ന കുടിലിൽ മൃതദേഹം കൊണ്ടിട്ടു.
സംഭവം നടക്കുന്നതിന് മുൻപുതന്നെ കുടിലിൽ ബീഫ് വെക്കുന്നുവെന്നാരോപിച്ച് ചിലർ പൊലീസിനെ വിവരം അറിയിച്ചിരുന്നു.
പൊലീസ് എത്തി മാംസം പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും സബീർ കൊല്ലപ്പെട്ടിരുന്നു.
#lynching #allegedly #eatingbeef #result #test #Muslimyouth #cooked #beef