Oct 17, 2024 08:52 PM

പാലക്കാട്: ( www.truevisionnews.com  )പാർട്ടിക്കകത്ത് കോലാഹലം ഉണ്ടായിട്ടില്ലെന്നും പ്രസ്ഥാനങ്ങൾ തമ്മിലാണ്, വ്യക്തികൾ തമ്മിൽ അല്ല മത്സരമെന്നും പാലക്കാട്ട് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.

ഇന്നു ഒരു വാർത്താ സമ്മേളനവും കണ്ടിട്ടില്ല. ഞാൻ എനിക്ക് വേണ്ടി സംസാരിക്കുന്നതിനേക്കാൾ വലിയ അല്പത്തം വേറെ ഇല്ല. പാർട്ടി എല്ലാത്തിനും മറുപടി നൽകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാലക്കാട് ആദ്യമായെത്തിയ രാഹുലിന് വൻ സ്വീകരണമാണ് കോൺ​ഗ്രസ് നേതാക്കളും പ്രവർത്തകരും നൽകിയത്.

മതേതര ചേരിയും വർഗീയ ചേരിയും തമ്മിലാണ് പാലക്കാട്‌ മത്സരം നടന്നിരുന്നത്. ഈ മത്സരങ്ങളിലെല്ലാം മതേതര ചേരിയാണ് വിജയിച്ചത്. നിലപാട് ഉള്ളവരും നിലപാടിൽ ഉറച്ചു നിൽക്കുന്നവരുമാണ് പാലക്കാട്ടുകാർ. സരിൻ പറഞ്ഞത് കേട്ടിട്ടില്ല, എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടത് താനല്ല. കൂട്ടത്തിൽ ഒരാൾ പോകുമ്പോൾ വേദനയാണ്.

സരിൻ പാർട്ടി വിടും വരെ അദ്ദേഹത്തിന് വേണ്ടി വാദിച്ച ആളാണ് താൻ. ഫോണിലൂടെ ആരെയും ഭീഷണിപ്പെടുത്തുന്ന ആളല്ല താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്. തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ നഗരത്തിൽ രാഹുലിന്റെ റോഡ് ഷോയും നടന്നു.

ജില്ലയിൽ മുതിർന്ന നേതാക്കൾക്കൊപ്പം മുൻ പാലക്കാട് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്.

പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ് രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.

ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ലെന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽ നിന്നും കിട്ടുന്നുവെന്നും രാഹുൽ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങളിലാണ് വിശ്വാസം. വടകരക്കാർ അവരുടെ ഇഷ്ടം കൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്.

അവരുമായി ഇടപഴകാനും സംസാരിക്കാനും ഇടനിലക്കാരെ ആവശ്യമില്ല. രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴക്കരുതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.



#race #between #secular #slums #communal #slums #RahulMamkoottathil #drpsarin

Next TV

Top Stories