പത്തനംതിട്ട: ( www.truevisionnews.com )കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും.
9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ കണ്ണൂരില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
അതിനിടെ, എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് ടൗണ്‍ പൊലീസ് മൊഴിയെടുത്ത് തുടങ്ങി. അതേസമയം, ദിവ്യയ്ക്കും പരാതിക്കാരനായ പ്രശാന്തിനുമെതിരെ നവീന്‍ ബാബുവിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുമില്ല.
പൊതുവേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്ന് പരസ്യ അധിക്ഷേപം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകം എഡിഎം ജിവനൊടുക്കിയ സംഭവത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ ഉയര്‍ന്നത് വന്‍ പ്രതിഷേധമാണ്.
ബിജെപിയുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനും സര്‍വീസ് സംഘടനകളുടെ പ്രതിഷേധത്തിനും പിന്നാലെയായിരുന്നു ദിവ്യയുടെ വീട്ടിലേക്കുളള യൂത്ത് കോണ്ഗ്രസ് മാര്‍ച്ച്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്കുള്ള റോഡിൽ ഒരു കിലോമീറ്റർ അകലെ സമരക്കാരെ തടയാനായി പൊലീസ് ബാരിക്കേഡ് കെട്ടിയിരുന്നു.
വഴിയിലും വീടിനു മുന്നിലും നിരവധി സ്ത്രീകൾ ഉൾപ്പെടെ സിപിഎം പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു .പൊലീസ് ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി.
#Kannur #ADM #NaveenBabu #suicide #cremation #today #Pathanamthitta #public #viewing #10am #Collectorate