കണ്ണൂർ: (truevisionnews.com) കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. ബുധനാഴ്ച പുലർച്ചെ 12.40ന് പത്തനംതിട്ടയിൽ നിന്നെത്തിയ ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, കാസർകോട് ജില്ലാ കളക്ടർ കെ. ഇൻപശേഖരൻ, മുൻ എംഎൽഎമാരായ എം വി ജയരാജൻ, ടി വി രാജേഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് ശ്രുതി കെ വി, സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
മൃതദേഹത്തെ കണ്ണൂർ റവന്യു വകുപ്പിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘം പത്തനംതിട്ടയിലേക്ക് അനുഗമിച്ചു. കണ്ണൂര്‍ എഡിഎം നവീന്‍റെ ബാബുവിന്‍റെ മരണത്തിൽ ആളിക്കത്തുകയാണ് പ്രതിഷേധം. ഇന്ന് സംസ്ഥാന വ്യാപകമായി റവന്യൂ ഉദ്യോഗസ്ഥർ അവധിയെടുത്ത് പ്രതിഷേധിക്കുകയാണ്.
കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ നടത്തുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താല്‍ നടത്തുന്നത്.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബിജെപി ഹർത്താൽ ആചരിക്കുന്നത്. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് പഞ്ചായത്തിൽ ഹര്‍ത്താല്‍ ആചരിക്കുക. അവശ്യ സര്‍വീസുകളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കി നിൽക്കെയാണ് കണ്ണൂർ എഡിഎം നവീൻ ബാബു അഴിമതിയാരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയത്.
#Kannur #ADMNaveenBabu #body #received #relatives #Jayarajan #TVRajesh #paid #tributes