( www.truevisionnews.com ) കഴിഞ്ഞ ദിവസം അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയും ശാന്തനു നായിഡുവും തമ്മിലുള്ള സൗഹൃദം ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദിനങ്ങളാണ് കടന്നുപോയത്.
പ്രായത്തിനും തൊഴിലിടത്തെ വലുപ്പച്ചെറുപ്പങ്ങള്‍ക്കും അതീതമായ അവരുടെ ബന്ധം ആരംഭിച്ചതെങ്ങനെ, രത്തന്‍ ടാറ്റയ്ക്ക് ആരാണ് ശാന്തനു, എന്തൊക്കെയാണ് അവര്‍ ആശയവിനിമയം നടത്തിയത് എന്നിങ്ങനെ ആളുകള്‍ക്കിടയിലെ ചര്‍ച്ചാവിഷയങ്ങള്‍ നിരവധിയായിരുന്നു.
ഇപ്പോഴിതാ കരളലിയിപ്പിക്കുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. രത്തന്‍ ടാറ്റയുടെ സംസ്‌കാരചടങ്ങുകള്‍ക്കിടെ വികാരാധീതനായ ശാന്തനുവും അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുന്ന പോലീസുകാരുമാണ് ചിത്രത്തിലുള്ളത്.
രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ശാന്തനു ലിങ്ക്ഡ്ഇന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ദുഃഖത്തിന്റെ ആഴവും ആള്‍ക്കൂട്ടത്തിന്റെ പിന്തുണയുടെ ഊഷ്മളതയും ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു പോസ്റ്റ്.
'ഒടുവില്‍ ഒന്നിരിക്കാനും കാര്യങ്ങള്‍ അനുഭവിക്കാനും കഴിഞ്ഞു. ഇനിയൊരിക്കലും അദ്ദേഹം പുഞ്ചിരിക്കുന്നത് കാണാനോ അദ്ദേഹത്തെ ചിരിപ്പിക്കാനോ ആകില്ല എന്ന വസ്തുതയുമായി പൊരുത്തപ്പെട്ടുവരികയാണ്', ശാന്തനു കുറിച്ചു.
തന്റെ വാക്കുകള്‍ക്കൊപ്പം സംസ്‌കാര ചടങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ ശാന്തനുവിനെ ആശ്വസിപ്പിച്ച് ആലിംഗനം ചെയ്യുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.
തന്നെ ആശ്വസിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് അയച്ചുകിട്ടിയ സന്ദേശങ്ങള്‍ക്കും കരുതലിനും ശാന്തനു നന്ദി അറിയിച്ചു. ഏറ്റവും പ്രയാസം അനുഭവപ്പെട്ട സമയത്ത് സ്‌നേഹത്തോടെയുള്ള ചെറിയ കാര്യങ്ങള്‍ പോലും ആശ്വാസം നല്‍കിയെന്ന് കുറിപ്പില്‍ എടുത്തുപറയുന്നുണ്ട്. മുംബൈ പോലീസുകാര്‍ നല്‍കിയ ആലിംഗനം ദയവോടെയുള്ളതായിരുന്നു. നന്ദി പറഞ്ഞുകൊണ്ടാണ് ശാന്തനു ചെറിയ കുറിപ്പ് അവസാനിപ്പിച്ചത്.
രത്തന്‍ ടാറ്റയുമായുള്ള സൗഹൃദത്തെ കുറിച്ച് ശാന്തനു നേരത്തെ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. 'ഈ സൗഹൃദം എന്നില്‍ അവശേഷിപ്പിച്ച വിടവ് നികത്താന്‍ എന്റെ ജീവിതകാലം മുഴുവന്‍ വേണ്ടിവരും. സ്നേഹത്തിന് നല്‍കുന്ന വിലയാണ് ദുഃഖം. എന്റെ പ്രിയപ്പെട്ട വഴി വിളക്കിന് വിട.' രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഫ്‌ളൈറ്റില്‍ ഇരിക്കുന്ന പഴയ ഫോട്ടോയായിരുന്നു ശാന്തനു ഷെയര്‍ ചെയ്തിരുന്നത്.
മൃഗങ്ങള്‍ റോഡപകടങ്ങളില്‍പ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ തെരുവുനായകള്‍ക്കായി ആരംഭിച്ച മോട്ടോപോസ് എന്ന പദ്ധതിയിലൂടെയാണ് മുപ്പതുകാരനായ ശന്തനു നായിഡു ടാറ്റയുടെ ശ്രദ്ധയാകര്‍ഷിച്ചത്. മൃഗക്ഷേമത്തില്‍ ഇരുവര്‍ക്കുമുള്ള താത്പര്യത്തിലൂടെയാണ് അവരുടെ ബന്ധത്തിന് തുടക്കമിട്ടത്. ടാറ്റ നായിഡുവിനെ കാണാന്‍ ക്ഷണിച്ചു.
കാലക്രമേണ, അവരുടെ ബന്ധം ആഴത്തിലുള്ള സൗഹൃദമായി. പുണെയില്‍ ജനിച്ചുവളര്‍ന്ന ശാന്തനു നായിഡു 2014-ല്‍ സാവിത്രിബായ് ഫൂലെ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദം നേടി.
ശേഷം നായിഡു 2016-ല്‍ കോര്‍ണല്‍ ജോണ്‍സണ്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം നേടി. ടാറ്റ ട്രസ്റ്റില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി ടാറ്റയില്‍ ജോലിക്കെത്തി. പിന്നീട് നായിഡു ടാറ്റയുടെ വിശ്വസ്തനും സഹായിയുമായിത്തീര്‍ന്നു.
ഇരുവരും ഒരുമിച്ച് സിനിമകള്‍ കാണുകയും ഭക്ഷണം കഴിക്കുകയും ബിസിനസ്, വ്യക്തിഗത വളര്‍ച്ച എന്നിവയെക്കുറിച്ചുള്ള അര്‍ഥവത്തായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവായിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ ഇടപഴകാന്‍ നായിഡു ടാറ്റയെ സഹായിച്ചു. ഇതുവഴി രത്തന്‍ ടാറ്റ ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ജനപ്രിയനായി. ടാറ്റ നായിഡുവിന്റെ പുതിയ കാഴ്ചപ്പാടിനെ വിലമതിച്ചപ്പോള്‍ നായിഡു ടാറ്റയുടെ ജ്ഞാനത്തെയും അനുഭവത്തെയും ബഹുമാനിച്ചു. അവരുടെ തലമുറകളിലെ സൗഹൃദം മുതിര്‍ന്നവര്‍ക്കുള്ള കൂട്ടുകെട്ടായ 'ഗുഡ്‌ഫെലോസി'നെ രൂപപ്പെടുത്താന്‍ നായിഡുവിനെ പ്രേരിപ്പിച്ചിരുന്നു.
#Never #see #that #smile #again #Police #consoling #Shantanu #writing #tearful #note