എറണാകുളം: (truevisionnews.com) മൂന്നരവയസുകാരനെ അധ്യാപിക മർദിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്.
മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേ സ്കൂളിനെതിരെയാണ് നടപടി. സ്കൂളിന് നോട്ടീസ് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.
വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് സ്കൂൾ പ്രവർത്തിച്ചത്. അനുമതി ഇല്ലാത്ത വിദ്യാലയങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി.
മൂന്നര വയസുകാരനെ മർദിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പ്ലേ സ്കൂളിലെ അധ്യാപിക സീതാലക്ഷ്മിയെയാണ് ജോലിയിൽ നിന്ന് പുറത്താക്കിയത്.
കേസിൽ അറസ്റ്റിലായ സീതാലക്ഷ്മിക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിയെ ചൂരൽ ഉപയോഗിച്ച് ക്രൂരമായി മർദിച്ചു എന്ന രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപികയെ മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
വൈകുന്നേരം കുട്ടി വീട്ടിലെത്തി വസ്ത്രം മാറിയപ്പോഴാണ് രക്ഷിതാക്കൾ സംഭവം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും അധ്യാപികയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
#Three #half #year #oldboy #beaten #teacher #minister #intervened #MattancherryKidsPlaySchool #closed