ന്യൂഡൽഹി: (truevisionnews.com) വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരറ്റ്സുമായ രത്തന്‍ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ദീർഘവീക്ഷണവും അനുകമ്പയുമുള്ള അസാധാരണ വ്യക്തിത്വമായിരുന്നു ടാറ്റയെന്ന് മോദി എക്ലിൽ കുറിച്ചു. ടാറ്റ ഗ്രൂപ്പിന് അദ്ദേഹം സ്ഥിരതയാർന്ന നേതൃത്വം നൽകി.
ബോർഡ് റൂമുകൾക്കപ്പുറത്തേക്ക് അദ്ദേഹം സംഭാവനകൾ നൽകിയതായും മോദി കുറിച്ചു. ബുധനാഴ്ച രാത്രി 11.45-ഓടെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് രത്തന്‍ ടാറ്റയുടെ (86) മരണം.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം.
മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിൽ പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം.
ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തു.
2012 വരെ 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി.
2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു.
#visionary #compassionate #personality #NarendraModi #remembers #RatanTata