കണ്ണൂര്‍: (truevisionnews.com) അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിമ അനാച്ഛാദനത്തില്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് ബിജെപി നേതാവ് എന്‍ ഹരിദാസന്‍.
അദ്ദേഹത്തിന്റെ കുടുംബം വിളിച്ചതിനാലാണ് വന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ കൂടിയായ എന്‍ ഹരിദാസന്‍ പറഞ്ഞു.
'എന്റെ നാട്ടിലെ പരിപാടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ പൊതുപ്രവര്‍ത്തകനാണ്. കുടുംബം വിളിച്ചാല്‍ വരുന്നതില്‍ തെറ്റില്ല. വിവാദമില്ല. നന്മയുടെ പ്രതീകമായിട്ടാണ് ഞാന്‍ വന്നത്. ഞാന്‍ നേതൃത്വത്തോട് ചോദിച്ചിട്ടല്ല വന്നത്.
സംസ്ഥാന കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല. നുണ പ്രചാരണം നടത്തരുത്. കെ സുരേന്ദ്രനോട് ചോദിച്ചിട്ടല്ല വന്നത്. സമാധാനമാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയ സൗഹൃദം എല്ലാവര്‍ക്കും വേണം.
കണ്ണൂരിനെ സംഘര്‍ഷഭൂമിയാക്കരുത്. മുസ്ലീം ലീഗും കോണ്‍ഗ്രസും വരാത്തത് ഞാന്‍ നോക്കിയിട്ടില്ല. എന്റെ തീരുമാനപ്രകാരമാണ് ഞാന്‍ വന്നത്. എല്ലാവരുമായും ഒത്തുപോകുന്ന രാഷ്ട്രീയമാണ് ഞങ്ങളുടേത്', എന്നും എന്‍ ഹരിദാസന്‍ പ്രതികരിച്ചു.
വിവാഹത്തിന് മുന്‍പ് കോടിയേരിയുടെ ഭാര്യാ കുടുംബം ദീർഘകാലം തന്‍റെ വീടിന്‍റെ അടുത്താണ് താമസിച്ചിരുന്നത്. ഞങ്ങള്‍ അയല്‍വാസികളായിരുന്നു. അന്നത്തെ അതേ ബന്ധം ഇന്നും നിലനിർത്തി പോകുന്നുണ്ടെന്നും ഹരിദാസന്‍ പറഞ്ഞു.
മുതിര്‍ന്ന സിപിഐഎം നേതാവിന്റെ പ്രതിമ അനാച്ഛാദനത്തില്‍ ബിജെപി നേതാവ് പങ്കെടുത്തതില്‍ വിവാദം പുകയുന്നതിനിടെയാണ് പ്രതികരണം. പരിപാടിയില്‍ പങ്കെടുത്തത് വഴി ബലിദാനികളെ പാര്‍ട്ടി മറന്നുവെന്നാണ് ആക്ഷേപം.
കോടിയേരിയുടെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് തയ്യാറാക്കിയ വെങ്കല പ്രതിമയാണ് അനാച്ഛാദനം ചെയ്യുന്നത്. കോടിയേരിയുടെ രണ്ടാം ഓര്‍മ്മദിനമാണിന്ന്.
#because #family #called #see #Congress #BJPleader #attending #Kodiyeristatueunveiling