Sep 30, 2024 07:18 PM

മലപ്പുറം: (truevisionnews.com) മുഖ്യമന്ത്രിയുടെ മലപ്പുറം പരാമ‍ർശത്തിൽ വിമർശനവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം.

ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവൻ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പി എം എ സലാം പറഞ്ഞു. മുഖ്യമന്ത്രിയോട് സഹതാപമാണ് തോന്നുന്നത്. പ്രസ്താവന മുഖ്യമന്ത്രിയുടെ കഴിവുകേടാണ് തെളിയിക്കുന്നത്.

ആഭ്യന്തരവകുപ്പ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരാളെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ?. തറ നേതാവിൽ നിന്ന് അല്പം ഉയരാനെങ്കിലും അദ്ദേഹം ശ്രദ്ധിക്കണം. അൻവറിന്റെ ആരോപണങ്ങളുടെ ഉത്തരവാദി ഒരു ജില്ലക്കാരാകെയാണോ എന്നും സലാം ചോദിച്ചു.

മലപ്പുറം ജില്ലക്കാരുടെ പേരിൽ വ്യാജ ആരോപണം ഉണ്ടാക്കി. ആഭ്യന്തര വകുപ്പ് ആരുടെ പേരിൽ നടപടിയെടുത്തു എന്ന് പറയാൻ ആർജ്ജവം കാണിക്കണം. ബിജെപിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പരാമർശം.

മന്ത് മുഖ്യമന്ത്രിയുടെ കാലിലാണ്. കേന്ദ്രസർക്കാരിനെ പ്രീതിപ്പെടുത്താൻ ഉള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തുന്നത്. അദ്ദേഹത്തിന് എതിരെയുള്ള കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്.

സിപിഐഎം നേതാക്കൾ വർഗീയ ചിന്തയുള്ളവർ എന്ന അൻവറിന്റെ പ്രസ്താവനയിൽ പ്രതികരിച്ച സലാം കൂടെ കിടക്കുന്നവർക്ക് രാപ്പനി അറിയാം എന്ന് പരിഹസിച്ചു. അൻവർ പറയുന്നതിനാണ് കൂടുതലാധികാരികത.

അൻവറിനാണ് കാര്യങ്ങൾ നന്നായി അറിയുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ആളിക്കത്തുമെന്നും പി എം എ സലാം പറഞ്ഞു.

മലപ്പുറത്തുനിന്ന് പിടിച്ചെടുത്ത പണത്തിന്റെ കണക്ക് വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഈ തുക രാജ്യവിരുദ്ധ പ്രവ‍ർത്തനങ്ങൾക്കായാണ് കേരളത്തിലെത്തുന്നതെന്ന് ദ ​ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

123 കോടി രൂപ വില വരുന്ന ഹവാല പണവും 150 കിലോ സ്വർണ്ണവും കേരള പൊലീസ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറത്തുനിന്ന് പിടിച്ചിട്ടുണ്ട്. സംസ്ഥാന വിരുദ്ധ, രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തിലേക്കെത്തുന്നത് - മുഖ്യമന്ത്രി പറഞ്ഞു.

ഈ പ്രസ്താവനക്കെതിരെ മുസ്ലിം ലീ​ഗ് അടക്കമുള്ള പ്രതിപക്ഷ പാ‍ർട്ടികൾ മുഖ്യമന്ത്രിക്കെതിരെ ശക്തമായ ഭാഷയിലാണ് വിമർശനമുന്നയിക്കുന്നത്.

#Malappuram #CM #insulted #PMASalam #protests #ignite #statement

Next TV

Top Stories










Entertainment News