ലക്നൗ: ( www.truevisionnews.com )വീടിന്റെ പോർച്ച് കുഴിച്ചപ്പോൾ അസ്ഥികൂടം കണ്ടെത്തിയതോടെ 30 വർഷം നീണ്ട ഒരു തിരോധാനത്തെ കുറിച്ച അന്വേഷണങ്ങളാണ് വഴിത്തിരിവിലെത്തുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് രണ്ട് മക്കൾ ചേർന്ന് കൊല്ലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ മൃതദേഹ അവശിഷ്ടമായിരിക്കാം ഇതെന്നാണ് അനുമാനം. അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ സംഭവത്തിൽ പ്രഥമ വിവരം റിപ്പോർട്ടും തയ്യാറാക്കുകയാണ്.
30 വർഷം മുമ്പ് ദുരൂഹമായ സാഹചര്യത്തിലാണ് ബുദ്ധ റാം എന്നയാൾ ഉത്തർപ്രദേശിലെ ഹാഥറസിലുള്ള ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷമായത്. റാമിന്റെ നാല് മക്കളിൽ ഇളയവനായ പഞ്ചാബി സിങിന് അന്ന് ഒൻപത് വയസ് മാത്രമായിരുന്നു പ്രായം.
എന്നാൽ അച്ഛനെ കാണാതാവുന്നതിന് തൊട്ടു തലേദിവസം അദ്ദേഹവും തന്റെ രണ്ട് ജ്യേഷ്ഠന്മാരും തമ്മിൽ രൂക്ഷമായ തർക്കവും വഴക്കുമൊക്കെ ഉണ്ടായതായി അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നു. സഹോദരന്മാർ രണ്ട് പേരും അന്ന് ഇരുപതിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു.
ഒപ്പം മറ്റൊരാളും വീട്ടിലുണ്ടായിരുന്നെന്നും തന്നോട് മറ്റൊരു മുറിയിൽ പോയി ഉറങ്ങാൻ പറഞ്ഞുവെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ആ രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല.
മുറിയിൽ നിന്ന് പുറത്തിറങ്ങി എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയപ്പോൾ അച്ഛനും സഹോദരന്മാരും ഒരു മുറിയിൽ അടിപിടി കൂടുന്നതാണ് കണ്ടത്. പേടിച്ചരണ്ട് ഒരു മുറിയുടെ മൂലയിൽ പോയിരുന്നു.
പിറ്റേ ദിവസം വീടിന്റെ പോർച്ചിൽ ഒരു ഭാഗത്ത് എന്തോ മണ്ണിട്ട് മൂടിയിരിക്കുന്നത് കണ്ടു. അമ്മയോട് അതെന്താണെന്ന് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല, അച്ഛൻ പോയി എന്ന് മാത്രമാണ് പറഞ്ഞത്. വർഷങ്ങളോളും ഈ ഓർമകൾ മങ്ങാതെ മനസിൽ സൂക്ഷിച്ച ഇയാൾ പിന്നീട്, അച്ഛനുമായി അടിപിടിയുണ്ടാക്കിയവരല്ലാത്ത, മറ്റൊരു മൂത്ത സഹോദരനോട് കാര്യം പറഞ്ഞു.
ഇതോടെ രണ്ട് പേരും ചേർന്ന് മറ്റ് രണ്ട് സഹോദരന്മാരെ സംശയിക്കാൻ തുടങ്ങി. ഇരുവരും പരസ്പരം പലവട്ടം സംസാരിച്ചതോടെ സംശയം ഏതാണ്ട് ഉറപ്പിച്ചപ്പോൾ, എട്ട് വർഷം മുമ്പ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതൊരു വസ്തു തർക്കമായി കണ്ട് പൊലീസ് കേസ് അവസാനിപ്പിച്ചു.
എന്നാൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരെ വിഷയം ധരിപ്പിക്കാൻ ഇരുവരും തീരുമാനിച്ചു. ഇതാണ് നടപടിയിലേക്ക് എത്തിയത്. പൊലീസും ഫോറൻസിക് വിദഗ്ധരും ഉൾപ്പെടെയുള്ളവർ പഴയ വീടിന്റെ പോർച്ച് കുഴിച്ച് പരിശോധിച്ചു.
അപ്പോഴാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഇവ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ളവയ്ക്കായി അയച്ചിരിക്കുകയാണ്. എഫ്ഐആർ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോവുകയാണ് പൊലീസ്.
#investigation #following #memories #day #his #father #went #missing #30 #years #ago #Finally #porch #house #dug #up #skeleton #found