കണ്ണൂർ : ( www.truevisionnews.com ) അഞ്ച് ചുവന്ന നക്ഷത്രങ്ങൾക്കൊപ്പം ഇനി സഖാവ് പുഷ്പനും. കൂത്ത്പറമ്പ് വെടിവെപ്പ് കേസിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് അർഹിക്കുന്ന വിടവാങ്ങൽ നൽകാൻ സി പി എം.
നാളെ കോഴിക്കോട് നിന്ന് വിലാപയാത്രയായി മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. തുടർന്ന് തലശേരിയിലും ചൊക്ലിയിലും പൊതുദർശനം. വൈകീട്ട് 5ന് ചൊക്ലി രാമവിലാസം ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുദർശനം. തുടർന്ന് സംസ്ക്കാരം. പാനൂർ ഏരിയിൽ ഹർത്താൽ നടത്തും.
ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനാൽ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ശശി, രാജൻ, പ്രകാശൻ, ജാനു, അജിത.
1994 നവംബർ 25 ന്, യുഡിഎഫ് സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് മന്ത്രി എം.വി. രാഘവനെതിരെ കൂത്തുപറമ്പിൽ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പിലാണ് പുഷ്പനു പരുക്കേറ്റത്.
നട്ടെല്ലിനു പരുക്കേറ്റ് കഴുത്തിനു താഴെ തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പുഷ്പന്റെ സഹോദരൻ പ്രകാശനു സർക്കാർ ജോലി നൽകിയിരുന്നു.
#Comrade #pushpan #body #will #be #taken #Thalassery #mourning #journey #Kozhikode #tomorrow