( www.truevisionnews.com ) സമീപ വർഷങ്ങളിലെ ഏറ്റവും വേഗത്തിലുള്ള വിലക്കുതിപ്പുമായി സ്വർണം. ഈ വർഷം ജനുവരി മുതൽ ഇതുവരെ പവന് കൂടിയത് 10,880 രൂപയാണ്. ഗ്രാമിന് 1,360 രൂപയും.
ജനുവരിയിലെ ഏറ്റവും കുറഞ്ഞവില പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയുമായിരുന്നു. ഇതാണ് ഇന്ന് പവന് 56,800 രൂപയിലും ഗ്രാമിന് 7,100 രൂപയിലും എത്തിനിൽക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയാണിത്.
2023ലെ ജനുവരി-സെപ്റ്റംബർ കാലയളവിൽ സ്വർണ വില പവന് 3,240 രൂപ മാത്രമാണ് കൂടിയത്; ഗ്രാമിന് 405 രൂപയും. ജനുവരിയിൽ 40,360 രൂപയായിരുന്ന പവൻ വില ആ വർഷം സെപ്റ്റംബറോടെ എത്തിയത് 43,600 രൂപയിൽ. 5,045 രൂപയായിരുന്ന ഗ്രാം വില 5,450 രൂപയുമായി.
2022ലെ ജനുവരി-സെപ്റ്റംബർ കാലയളവിൽ പവൻ വിലയിൽ വർധന വെറും 1,040 രൂപയായിരുന്നു. ഗ്രാമിന് 130 രൂപയും. 35,600 രൂപയായിരുന്ന പവൻ വില 36,640 രൂപയിൽ എത്തിയപ്പോൾ ഗ്രാം വില രേഖപ്പെടുത്തിയ വർധന 4,450 രൂപയിൽനിന്ന് 4,580 രൂപയിലേക്ക്.
മറ്റൊരു കൗതുകം നിലവിൽ ഗ്രാമിന് 7,100 രൂപയാണ് വില; 2007ൽ പവന് 7,000 രൂപയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്.
17 വർഷങ്ങൾക്കിപ്പുറം ഗ്രാം വില 7,000 രൂപ കടന്നപ്പോൾ പവൻ കുതിച്ചുകയറിയത് 56,000 രൂപയ്ക്കു മുകളിലേക്ക്. ഇനിയൊരു മധുരപ്പതിനേഴ് വർഷങ്ങൾ പിന്നിടുമ്പോൾ എത്രയായിരിക്കും പവൻ, ഗ്രാം വിലകൾ? എന്തായാലും, സംസ്ഥാനത്ത് സ്വർണ വില വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞ ചരിത്രം അപൂർവമാണ്.
ഓരോ വർഷം പിന്നിടുമ്പോഴും വില കൂടുന്നതാണ് ട്രെൻഡ്. 1925ൽ പവന് 13.75 രൂപയേ വിലയിലുണ്ടായിരുന്നുള്ളൂ. 1945ൽ 45.49 രൂപ. 1970ൽ ആദ്യമായി 100 രൂപ കടന്നു. 1975ൽ 396 രൂപ. 2,493 രൂപയായിരുന്നു 1990ൽ. 2000ൽ 3,212 രൂപ; 2010ൽ 12,280 രൂപ. 19,760 രൂപയായിരുന്നു 2015ൽ. 2020ൽ 32,000 രൂപയും.
#gold #rate #today #27 #09 #2024