കോഴിക്കോട് : (truevisionnews.com) നാളീകേരത്തിൻ്റെ നാട്ടിൽ ഇപ്പോൾ പുത്തനുണർവാണ്. പൊന്നിനെ പോലെ തേങ്ങ വിലയും കുത്തനെ ഉയർന്നപ്പോൾ കൃഷി ഇടങ്ങൾ മുതൽ മാർക്കറ്റ് വരെ പുത്തനുണർവ്.
സ്വർണ്ണവില സർവ്വ കാല റെക്കോഡിലേക്ക് കടക്കുമ്പോൾ തേങ്ങാ വിലയും അടുത്ത കാലത്തോന്നും ഇല്ലാതത്ര ഉയർന്നു. പത്തു രൂപയിൽ താഴെ ഇടിഞ്ഞ തേങ്ങാ വില ഇപ്പോൾ ഇരുപത്തിഒന്ന് പിന്നിട്ടു.
പച്ചത്തേങ്ങ വിലയും ഇരട്ടിച്ചു. നാളികേര കൃഷി മേഖലയിലും വിപണന മേഖലയിലും ഉണ്ടായ ഈ ഉണർവ്വിൻ്റെ പശ്ച്ചാത്തലത്തിൽ ട്രൂവിഷൻ ന്യൂസ് പരമ്പര . "തേങ്ങിനെ ചതിക്കുന്നതാര് ".
പച്ചത്തേങ്ങവില കുതിച്ചുയർന്നത് ഗ്രാമീണമേഖലയിൽ കേരകർഷകർക്ക് ഉണർവേകിയെങ്കിലും ഓണം കഴിഞ്ഞയുടനെ നല്ലവില ലഭിച്ചത് ഭൂരിഭാഗം കർഷകർക്കും പ്രയോജനം ലഭിക്കാതെ പോയി.
ഓണത്തിന് തൊട്ടുമുൻപുതന്നെ മിക്കവരും തേങ്ങ പറിച്ച് വിൽപ്പന നടത്തിയിരുന്നു. കഴിഞ്ഞദിവസം പച്ചത്തേങ്ങ കിലോയ്ക്ക് 42 രൂപവരെ എത്തി. അടുത്തകാലത്തെ ഉയർന്ന വിലയാണിത്. രണ്ടുവർഷംമുൻപാണ് ഇത്രയുംവില കർഷകർക്ക് ഒടുവിൽ ലഭിച്ചത്.
ഓണത്തിന് തൊട്ടുമുൻപ് 33.50 വരെ വിലയെത്തിയിരുന്നു. ഒരാഴ്ചകൊണ്ട് പിന്നെയും എട്ടുരൂപയോളം കൂടി. കൃഷിയിടത്തിൽ വളമിടൽ ഉൾപ്പെടെ ജോലികൾ നടത്താനും കർഷകർക്ക് ഇത് പ്രേരണയായിട്ടുണ്ട്.
ഓണത്തിനുമുൻപ് വില ആദ്യം ഉയർന്ന സമയത്തുതന്നെ എല്ലാ കർഷകരും തേങ്ങ വിൽപ്പന നടത്തിയെന്ന് നാളികേരക്കർഷകർ പറയുന്നു. പിന്നീട് വില കുറഞ്ഞേക്കുമെന്ന ആശങ്കയും വേഗത്തിൽ വിൽപ്പന നടത്താൻ കർഷകരെ പ്രേരിപ്പിച്ചു.
ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും വേനൽക്കാലത്തെ വരൾച്ചയുമെല്ലാം ഇതിനുകാരണമായിട്ടുണ്ട്.
അടക്കയ്ക്ക് കിലോ 300 രൂപയെത്തിയെങ്കിലും ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. നാല്പതുരൂപയെങ്കിലും എല്ലാകാലത്തും ലഭിച്ചാലേ കർഷകന് തെങ്ങുകൃഷി ശരിയായി നടത്താനാകൂ.
#Coconut #gold #New #awakening #land #coconut #due #highprices