കണ്ണൂർ: ( www.truevisionnews.com ) കണ്ണൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ വായ്പ തിരിമറി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ഇരിട്ടി കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലെ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ നാല് പേരെ തരംതാഴ്ത്തി.
മരിച്ചയാളുടെ പേരിൽ വ്യാജ ഒപ്പിട്ട് ഉൾപ്പെടെയാണ് ലക്ഷങ്ങളുടെ വായ്പയെടുത്തത്. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാതെ പ്രതിസന്ധിയിലാണ് ബാങ്ക്.
മലയോരത്ത് മൂന്ന് ബ്രാഞ്ചുകളുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക്. അവിടെ എട്ട് ലക്ഷം നിക്ഷേപിച്ചതാണ് മരപ്പണിക്കാരനും ഹൃദ്രോഗിയുമായ ബാലൻ.
ചികിത്സയ്ക്ക് ആവശ്യം വന്നപ്പോൾ പണം പിൻവലിക്കാനെത്തിയപ്പോഴാണ് ചതി പറ്റിയത് അറിയുന്നത്. സൈന്യത്തിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുക നിക്ഷേപിച്ച തോമസ്, ബാബു, ഡേവിഡ് അങ്ങനെ ചതി പറ്റിയവർ വേറെയും നിരവധി പേരുണ്ട്.
ചെറിയ തുക നിക്ഷേപിച്ചവർക്ക് പോലും തിരികെ കിട്ടുന്നില്ല. ബാങ്കില്‍ കോടികളുടെ ക്രമക്കേടാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ബെനാമി വായ്പകൾ സംഘടിപ്പിച്ചു.
മരിച്ചയാളുടെ പേരിൽ വരെ വ്യാജ ഒപ്പിട്ട് വായ്പ തട്ടി. നോട്ടീസ് കിട്ടിയപ്പോഴാണ് പലരും ചതി അറിഞ്ഞത്. പണയ സ്വർണം മറ്റൊരു ബാങ്കിൽ പണയം വച്ച് പണം വാങ്ങിയെന്നും കണ്ടെത്തി.
സിപിഎം പേരട്ട ലോക്കൽ സെക്രട്ടറിയായിരുന്നു ബാങ്ക് പ്രസിഡന്‍റ്. തട്ടിപ്പ് പുറത്തായതോടെ പാർട്ടി പരിശോധിച്ചു. ബാങ്ക് ഭരണസമിതിക്കും ലോക്കൽ കമ്മിറ്റിക്കും വീഴ്ചയെന്ന് കണ്ടെത്തി കൂട്ട നടപടിയെടുത്തു.
ഒരു ഏരിയ കമ്മിറ്റി അംഗത്തെയും ലോക്കൽ സെക്രട്ടറിയെയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളെയും തരം താഴ്ത്തി. നിക്ഷേപകർ ഉളിക്കൽ പൊലീസിനെയും സമീപിച്ചിട്ടുണ്ട്. ജീവനക്കാർക്കും ഭരണസമിതിക്കുമെതിരെ നടപടിയാവശ്യപ്പെട്ട് സമരത്തിനുമൊരുങ്ങുന്നു.
#Mass #disciplinary #action #Kannur #CPM #Four #people #including #area #committee #member #demoted