തിരുവനന്തപുരം: (truevisionnews.com)ഓൺലൈനായി പണം സ്വീകരിച്ച് മദ്യം വിൽക്കാൻ ബെവറജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ ‘ബെവ് സ്പിരിറ്റ്’ എന്ന സംവിധാനം പാളി.
ഓൺലൈനിൽ പണമടച്ച് ടോക്കൺ എടുത്തശേഷം ഷോപ്പിലെത്തി ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്ന വിധത്തിലായിരുന്നു ‘ബെവ് സ്പിരിറ്റ്’ എന്ന വെബ് സൈറ്റ് സജ്ജീകരിച്ചത്.
എന്നാൽ, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിൽപ്പനകേന്ദ്രങ്ങളിൽ മാത്രമാണ് ഇതിന് കുറച്ചെങ്കിലും ആവശ്യക്കാരുള്ളത്. മദ്യ വിറ്റുവരവും സ്റ്റോക്കും പൂർണമായും ഓൺലൈനാക്കുന്നതിന്റെ ഭാഗമായി വൻതുക മുടക്കി ആരംഭിച്ച കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയുടെ ഭാഗമാണ് വെബ് സ്പിരിറ്റും.
ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് ഓൺലൈൻ ഇടപാടിലേക്ക് നീങ്ങിയത്. തുടക്കത്തിൽ മൊത്തവിൽപ്പനയുടെ 15 ശതമാനം വരെ ഓൺലൈനിലേക്ക് മാറിയെങ്കിലും ക്രമേണ കുറഞ്ഞു.
നടത്തിപ്പിലെ പാളിച്ചയാണ് വിനയായത്. ബെവറജസ് കോർപ്പറേഷന്റെ അക്കൗണ്ടിൽ ഓൺലൈനിൽ പണമടച്ചാലും ഷോപ്പിൽ എത്തുമ്പോൾ ഓൺലൈൻ പണമിടപാട് പരിശോധിച്ചശേഷം വീണ്ടും ബിൽ കൈപ്പറ്റണം.
ഇന്റർനെറ്റ് ബന്ധത്തിൽ തകരാറുണ്ടെങ്കിൽ ഇത് വൈകും. ഓൺലൈൻ ടോക്കണുമായി വരുന്നവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നെങ്കിലും അതും പിൻവലിച്ചു.
ഓൺലൈനിൽ പണമടച്ചാലും വീണ്ടും കാത്തുനിൽക്കേണ്ട അവസ്ഥ. ഇതോടെ ഭൂരിഭാഗംപേരും ഓൺലൈൻ ഉപേക്ഷിച്ചു.
ബില്ലിങ് സംവിധാനത്തിന്റെ സാങ്കേതികപ്പിഴവ് നേരിട്ടുള്ള മദ്യവിൽപ്പനയ്ക്കും തിരിച്ചടിയാണ്. കേന്ദ്രീകൃതസെർവറിലാണ് മദ്യശേഖരത്തിന്റെ വിവരങ്ങളുള്ളത്.
ഷോപ്പിലെ വിൽപ്പനയ്ക്കനുസരിച്ച് ഇതിൽ കുറവുണ്ടാകും. ഒരോതവണ ബിൽ ചെയ്യുമ്പോഴും കേന്ദ്രീകൃത സെർവറിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതും കുറവുവരുത്തേണ്ടതുമുണ്ട്.
നെറ്റ്‌വർക്കിന് വേഗം കുറവായതിനാൽ ബിൽ അടിക്കുന്നതിന് ഏറെസമയം വേണ്ടിവരുന്നുണ്ട്. ഇതും കച്ചവടത്തെ ബാധിക്കുന്നുണ്ട്.
അവധിദിവസങ്ങളിൽ കമ്പനിയുടെ സാങ്കേതികസഹായം ജീവനക്കാർക്ക് ലഭിക്കുന്നുമില്ല.
#Bev #spirit #system #collapsed #Online #sales #plummeted