കണ്ണൂർ : ( www.truevisionnews.com ) പാനൂർ ടൗണിലെത്തുന്നവർക്ക് മുന്നിലൂടെ കൊടും വേദന സഹിച്ച് ഇഴഞ്ഞു നീങ്ങുന്ന തെരുവുനായ ഒരു പ്രദേശത്തിൻ്റെയാകെ നൊമ്പരക്കാഴ്ചയായിരുന്നു.
വേദന കൊണ്ട് പുളഞ്ഞ് നടന്ന നായയെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു നാട്ടുകാർ. നായയുടെ ദൈന്യാവസ്ഥ ട്രൂ വിഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു പ്രദേശത്തിൻ്റെയാകെ നൊമ്പരക്കാഴ്ചയായ മിണ്ടാപ്രാണിയെ സംരക്ഷിക്കാൻ ആര് രംഗത്തുവരുമെന്ന് നാട്ടുകാർ ഉറ്റുനോക്കുമ്പോഴാണ് അപ്രതീക്ഷിതമായി രക്ഷകൻ്റെ റോളിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തുന്നത്.
പാനൂരിലെ തെരുവു നായ പരിപാലന സംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധു ട്രൂ വിഷൻ വാർത്തയും, നായയുടെ വീഡിയൊകളും ബിജെപി നേതാവ് ലസിതാ പാലക്കൽ വഴി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു.
അരമണിക്കൂറിനകം കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്നും സിന്ധുവിന് തിരികെ വിളിയെത്തി. നായയെ എത്രയും വേഗം വിദഗ്ധ ചികിത്സക്കെത്തിക്കണമെന്നും, ചികിത്സാ ചെലവ് മുഴുവനും വഹിക്കാമെന്നും ഓഫീസിൽ നിന്നും അറിയിച്ചു.
ഇതനുസരിച്ച് ബുധനാഴ്ച രാവിലെ നായ പിടുത്തക്കാരൻ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത് ബാബു എന്നിവരടങ്ങുന്ന സംഘം നായയെ പിടികൂടാനിറങ്ങി.
രക്ഷപ്പെടാനായി തലങ്ങും വിലങ്ങും ഓടിയ നായയെ 3 മണിയോടെയാണ് പിടികൂടാനായത്. ഉടൻ തന്നെ ഓട്ടോയിൽ കണ്ണൂരിലേക്ക് കൊണ്ടുപോയി. കണ്ണൂരിലെ പ്രശസ്ത മൃഗ ഡോക്ടർ ജയമോഹൻ്റെ ക്ലിനിക്കിലാണ് നായക്കുള്ള ചികിത്സ ഒരുക്കുന്നത്.
#UnionMinister #SureshGopi #intervened #treatment #stray #dog #whose #womb #out #dog #shifted #hospital #Kannur