കണ്ണൂർ: ( www.truevisionnews.com ) വാട്സ് ആപ്പ് വഴി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി മികച്ച വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്. നടത്തിയ പ്രതി പിടിയിൽ .
കണ്ണൂര്‍ പുതിയതെരു സ്വദേശിയില്‍ നിന്ന് 29,25,000 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഹൈദരാബാദ് കാലാപത്തര്‍ സ്വദേശിയായ സയ്യിദ് ഇക്ബാല്‍ ഹുസൈനെ (47) കണ്ണൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ഷെയര്‍ ട്രെഡിങ് നടത്തുന്നതിനായി പ്രതി പരാതിക്കാരനെക്കൊണ്ട് എൽട്ടാസ് ഫഡ് എന്ന വ്യാജ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച് പ്രതികള്‍ ഉള്‍പ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പരാതിക്കാരന് ഷെയര്‍ ട്രെഡിങ്ങിനായി നിർദേശങ്ങള്‍ നൽകി.
ഓരോ തവണ ട്രേഡിങ് നടത്തുമ്പോഴും പ്രസ്തുത ആപ്പില്‍ വലിയ ലാഭം കാണിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് അനുവദിച്ചില്ല.
ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. പരാതിക്കാരനെക്കൊണ്ട് 18,75,000 രൂപ ഈ പ്രതിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിപ്പിക്കുകയായിരുന്നു. അക്കൗണ്ട് 200 തവണയിലധികം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോര്‍ടെലില്‍ റിപോര്‍ട്ട് ആയത് പ്രകാരം കേരളത്തില്‍ മാത്രം അഞ്ചുകേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ തന്നെ പ്രതിയുടെ അക്കൗണ്ടില്‍ എട്ട് കോടിയില്‍പരം തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതി ഇന്റർനെറ്റ് ബാങ്കിങ് വഴി വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നിർദേശപ്രകാരം കണ്ണൂര്‍ സൈബര്‍ പൊലീസ് ഹൈദരാബാദിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#29lakh #share #trading #fraud #Kannur #Finally #accused #arrested