തൃശൂർ: (truevisionnews.com) വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നിൽ മുട്ടിൽ മരം മുറി കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്‍റെ ഭാഗമായുള്ള ഗൂഡാലോചനയാണെന്ന് ഡിവൈഎസ്‍പി വിവി ബെന്നി.
പൊന്നാനിയിൽ സ്വത്ത് തർക്കം സംബന്ധിച്ച കേസിൽ പരാതിയുമായി പോയ തന്നെ ബെന്നി അടക്കമുള്ള പൊലീസുകാർ ഉപദ്രവിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് തിരൂർ ഡി.വൈ.എസ്.പിയായിരുന്നു ബെന്നി. ‘‘ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയ സ്ത്രീ പൊന്നാനി സി.ഐ വിനോദ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 2022ൽ എസ്.പിക്ക് ആദ്യം പരാതി നൽകിയിരുന്നു.
അതേക്കുറിച്ച് അന്വേഷിക്കാൻ എന്നെയും സ്പെഷൽ ബ്രാഞ്ചിനെയും എസ്.പി ചുമതലപ്പെടുത്തി. രണ്ട് തലത്തിൽ നടന്ന അന്വേഷണത്തിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു.
തന്റെ ഉദ്ദേശ്യമനുസരിച്ച് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയില്ല എന്നുകണ്ടപ്പോഴാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. വ്യാജാരോപണമാണ് എന്ന് തെളിഞ്ഞതോടെ ആ പരാതി അന്ന് ക്ലോസ് ചെയ്തതാണ്.
ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതിനൽകും. ഞാൻ 100 ശതമാനം നിരപരാധിയാണ്. ഗൂഡാലോചനയെകുറിച്ച് അന്വേഷിക്കണം’ -വി.വി. ബെന്നി പറഞ്ഞു.
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സസ്പെൻഷനിലായ മലപ്പുറം മുൻ എസ്.പി എസ്. സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയപ്പോഴായിരുന്നു സംഭവം. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വഴങ്ങിക്കൊടുക്കാൻ എസ്.പി ആവശ്യപ്പെട്ടുവെന്നും 2022ലാണ് പീഡനം നടന്നതെന്നും യുവതി പറയുന്നു.
ആദ്യം പരാതി നൽകിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചെന്നും ഇവർ പറയുന്നു.
പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. തന്നെ എസ്.പിയുടെ വീട്ടിൽ ക്ഷണിച്ചുവരുത്തിയപ്പോൾ അവിടെ സുഹൃത്തായ കസ്റ്റംസ് ഓഫീസറോടൊപ്പം മദ്യപിക്കുകയായിരുന്നു സുജിത് ദാസെന്നും തന്നെയും മദ്യം കഴിക്കാൻ നിർബന്ധിച്ചുവെന്നും ഇവർ പറയുന്നു.
അവിടെ നിന്ന് താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
വീണ്ടും പരാതിയുമായി പോയാല്‍ തന്നെ ഉപദ്രവിക്കില്ലേ എന്ന ഭയം കാരണമാണ് മുന്നോട്ട് പോകാതിരുന്നതെന്നും ഉപദ്രവിച്ച ആളുകളോട് തന്നെയല്ലേ പരാതി പറയേണ്ടതെന്നും ഇവർ പറഞ്ഞു.
#DYSPBenny #rapeallegation #avenge #treecuttingcase #Mutil #face #legalaction