ആലങ്ങാട്: (truevisionnews.com) ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാർഥിക്ക് പരിക്കേറ്റു.
കൊങ്ങോർപ്പിളളി കളപ്പുരക്കൽ വീട്ടിൽ ഷിരോഷ് കുമാറിന്റെ മകൾ കെ.എസ്. അനാമികക്കാണ് (17) പരിക്കേറ്റത്.
ബുധനാഴ്ച രാവിലെ 7.45നാണ് സംഭവം. പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അനാമിക സ്കൂളിൽ പോകുന്നതിനായി കൊങ്ങോർപ്പിള്ളി കവലയിൽനിന്ന് ആലുവ-വരാപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന അവേ മരിയ ബസിൽ കയറി.
തിരക്കുണ്ടായിരുന്നതിനാൽ മുന്നിലെ ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ല. ബസ് അൽപദൂരം പിന്നിട്ട് വളവ് തിരിഞ്ഞപ്പോഴാണ് തുറന്ന് കിടന്ന വാതിലിലൂടെ തെറിച്ചുവീണത്.
പിന്നിൽ സ്കൂൾ ബാഗ് തൂക്കിയിട്ടതിനാൽ തലക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നടുവിനും, കഴുത്തിന്റെ പിൻഭാഗത്തും കാൽമുട്ടുകൾക്കും പരിക്കുണ്ട്.
ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് സമീപത്തെ ആശുപത്രിയിലും പിന്നീട് ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
#student #injured #falling #running #bus #road