കണ്ണൂർ: ( www.truevisionnews.com ) വരട്ടെ വരട്ടെ ഓരോന്നായി വരട്ടെ, എല്ലാ കാര്യങ്ങളും നോക്കാം, നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പുതിയ വെളിപ്പെടുത്തൽ തള്ളാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ആരോപണങ്ങൾ നിഷേധിച്ചില്ലെന്ന് മാത്രമല്ല, എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. വരട്ടെ വരട്ടെ ഓരോന്നായി വരട്ടെ, കൂടുതലൊന്നും പറയാനില്ല. എല്ലാ കാര്യങ്ങളും നോക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഡിജിപി അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി വി അൻവർ നേരത്തെ നടത്തിയ ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് ഇന്ന് രാവിലെയും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
എല്ലാ വശവും ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. വീണ്ടും ആരോപണങ്ങൾ ഉയരുമ്പോഴും സമാനമായ നിലപാട് തന്നെയാണ് സിപിഐഎം ആവർത്തിക്കുന്നത്. പാർട്ടി അൻവറിനെ തള്ളുന്നില്ല എന്ന് തന്നെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം വ്യക്തമാക്കുന്നത്. മരണം വരെ ചെങ്കൊടിത്തണലിൽ തുടരുമെന്ന് കഴിഞ്ഞ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
പി വി അൻവർ എംഎൽഎയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്. ആരോപണങ്ങളിൽ അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
സേനയിൽ പുഴുക്കുത്തുകൾ വെച്ച് പൊറുപ്പിക്കില്ലെന്നാണ് ഇന്ന് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി ഡിജിപിയെ കണ്ട് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കില്ലെന്ന് കൂടി വ്യക്തമാവുകയാണ്.
പ്രശ്നങ്ങളെ അതിൻ്റെ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പൊലീസുകാർ വ്യതിചലിക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പൊലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
#Nothing #more #to #say #come #one #by #one #CPIm #does #not #reject #PVAnwar #new #revelation