മലപ്പുറം: (truevisionnews.com) മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ രംഗത്ത്. ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. 'എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്.
29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ?', അന്‍വര്‍ ചോദിച്ചു. വിശ്വസ്തര്‍ കിണറുകുഴിച്ച് വെച്ചിരിക്കുന്നു.
ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏല്‍പിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കില്‍ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും എം.എല്‍.എ. ചോദിച്ചു.
പി. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടില്ല. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നല്‍കിയിട്ട് നടപടിയുണ്ടായില്ല. വിഷയങ്ങള്‍ പി. ശശിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയില്‍ തടുക്കേണ്ടത് തന്റെ ബാധ്യതയാണ്, അതാണ് നിറവേറ്റുന്നത്.
തന്റെ ജീവന്‍ അപകടത്തിലാണെന്നറിയാമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരേയും പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെതിരേയും ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്.
സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്. എം.ആര്‍ അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ എം.എല്‍.എ. പറഞ്ഞു.
മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍ ചോര്‍ത്താന്‍ എ.ഡി.ജി.പിക്ക് പ്രത്യേക സംവിധാനമുണ്ട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ ഈ പാര്‍ട്ടിയേയും ഗവണ്‍മെന്റിനേയും ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര്‍ അജിത്കുമാറിന്റെ ഒപ്പമുള്ള കേരളത്തിലെ പോലീസിലെ ഒരു വിഭാഗം.
കസ്റ്റംസിലെ ബന്ധമുപയോഗിച്ച് സുജിത് ദാസ് കോഴിക്കോട് വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയെന്നും അന്‍വര്‍ ആരോപിച്ചു.
#PShashi #failure #can #one #handle #four #teapots? #PVAnwar