കൊല്ലം : (truevisionnews.com) മുഖത്തലയിൽ സി.പി.ഐ. ഓഫീസ് ആക്രമിച്ച സംഭവത്തിൽ സി.പി.എമ്മിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ.
തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമുണ്ടായാൽ പാർട്ടി ഓഫീസുകൾ ആക്രമിക്കരുതെന്ന പരസ്പരധാരണ മറികടന്നാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്നും ഇത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെ എത്തിയാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് സി.പി.ഐ.പ്രവർത്തകർ പറയുന്നു.
ലൈബ്രറി ഉൾപ്പെടെ നശിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. കടയ്ക്കലിൽ ഉൾപ്പെടെ ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ പാർട്ടി ഓഫീസുകൾ ആക്രമിക്കരുതെന്ന് ധാരണയുണ്ടാക്കിയിരുന്നതാണ്.
അത് ലംഘിക്കപ്പെട്ടു. കൃത്യമായ ആസൂത്രണത്തോടെ നടന്നതാണ് ആക്രമണം. എ.ഐ.എസ്.എഫിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു പ്രവർത്തനത്തോടും സന്ധിചെയ്യില്ലെന്നാണ് സി.പി.ഐ.നിലപാട്.
കൊട്ടിയം എൻ.എസ്.എസ്. കോളേജിൽ ചൊവ്വാഴ്ച എസ്.എഫ്.ഐ.-എ.ഐ.എസ്.എഫ്. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് പാർട്ടി ഓഫീസ് ആക്രമണത്തിൽ കലാശിച്ചത്.
ഇരുസംഘടനകളും കോളേജിൽ, വയനാട്ടിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ സമാഹരിക്കുന്ന പരിപാടി നടത്തിയിരുന്നു.
കൂടുതൽ സാധനങ്ങൾ എ.ഐ.എസ്.എഫ്. പ്രവർത്തകർ ശേഖരിച്ചതിനെത്തുടർന്ന് മാഗസിൽ എഡിറ്ററെ എസ്.എഫ്.ഐ.പ്രവർത്തകർ പൂട്ടിയിട്ടെന്നാണ് ആരോപണം.
എഡിറ്ററെ പുറത്തിറക്കാൻ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. തങ്ങളുടെ പ്രവർത്തകരെ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ. നേതൃത്വം പറയുന്നത്.
ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊട്ടിയം കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തനം തടയാൻ ശ്രമം നടത്തുകയാണെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
#Attacked #DYFI #CPM #violated #agreement #not #attack #office #including #leaders #CPI