മലപ്പുറം: ( www.truevisionnews.com )വിവാദങ്ങള്‍ക്കിടെ സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. സിനിമാ നയ രൂപീകരണ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും.
നവംബര്‍ മൂന്ന് മുതല്‍ അഞ്ച് ദിവസങ്ങളിലാവും കോണ്‍ക്ലേവ് സംഘടിപ്പിക്കുക. വിവിധ മേഖലകളില്‍ നിന്നായി 350 പേര്‍ ക്ഷണിതാക്കളായിരിക്കും. വിദേശ ഡെലിഗേറ്റുകളും കോണ്‍ക്ലേവിനെത്തും.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണിനാണ് കോണ്‍ക്ലേവിന്റെ നടത്തിപ്പ് ചുമതല. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടനും എംഎല്‍എയുമായ മുകേഷ് നയരൂപീകരണ സമിതിയില്‍ അംഗമായതിനെതിരെ വിമര്‍ശനം കടുക്കുകയാണ്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഷാഫി പറമ്പില്‍ എംപി വിഷയത്തില്‍ പ്രതികരിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒട്ടും ഗൗരവത്തിലെടുക്കാത്തത് ഈ സര്‍ക്കാരാണ്. സര്‍ക്കാരാണ് ഒന്നാം പ്രതി. അന്വേഷണം നടത്താതെ കുറ്റം ചെയ്താല്‍ നടപടിയെന്ന് പറഞ്ഞിട്ട് എന്തുകാര്യമാണ്. നടപടിയെടുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാണ്. അന്വേഷിക്കാതെ ആരോപണങ്ങള്‍ സ്വയം തെളിയിക്കുമെന്നാണ് സര്‍ക്കാരിന്റെ ഭാവം.
മന്ത്രി സജി ചെറിയാനാണ് ആദ്യം സ്ഥാനം ഒഴിയേണ്ടത്. സ്ത്രീ സുരക്ഷ പ്രചാരണ പരസ്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ച പണം സിപിഐഎം പൊതുഖജനാവിലേക്ക് തിരിച്ചടക്കണം എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരുന്നതോടെ സര്‍ക്കാര്‍ നയം വ്യക്തമാണ്. റിപ്പോര്‍ട്ട് കത്തിക്കുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് എംപി പ്രതികരിച്ചത്.
കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് ആദ്യം മുകേഷിനെതിരെ രംഗത്തെത്തിയത്. മഞ്ജു വാര്യര്‍, പത്മപ്രിയ, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍, രാജീവ് രവി, നിഖില വിമല്‍, നിര്‍മ്മാതാവ് സന്തോഷ് കുരുവിള, സി അജോയ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
#mukesh #also #film #policy #formulation #committee #shafiparambil #criticise