കോന്നി: (www.truevisionnews.com)പത്തനംതിട്ട കോന്നിയിൽ വനിതാ സംരംഭകയുടെ വസ്ത്ര വ്യാപാരശാല പൂട്ടിക്കുമെന്ന് സിപിഐഎം നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. സംഘം കടയിൽ കയറി ഭീഷണിപ്പെടുത്തതായാണ് പരാതി.
പൊലീസിൽ പരാതി നൽകിട്ടും കുറ്റക്കാർക്കെതിരെ കേസ് എടുക്കുന്നില്ലെന്ന് വനിതാ സംരംഭക വ്യക്തമാക്കി. അതേസമയം വസ്ത്ര വ്യാപാരശാല ആദ്യം നടത്തിയിരുന്ന സംരംഭകനെ കാണാനാണ് തങ്ങൾ വന്നതെന്നും കട മറ്റൊരാൾക്ക് കൈമാറിയതായി തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നുമാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം.
സിപിഐഎം കോന്നി ഏരിയ കമ്മിറ്റി അംഗം രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയിലെത്തി ഭീഷണിമുഴക്കിയത്. ഓഗസ്റ്റ് 14നായിരുന്നു സംഭവം.
കടയിൽ ആളുള്ളപ്പോഴായിരുന്നു സിപിഐഎം നേതാക്കൾ എത്തി കടയടപ്പിക്കുമെന്ന് ഭീഷണി മുഴക്കിയതെന്ന് വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരനും പറഞ്ഞു.
മൂന്ന് പേർ ചേർന്നാണ് നേരത്തേ വസ്ത്ര വ്യാപാര ശാല നടത്തിയിരുന്നത്. ഇതിൽ രണ്ട് പേർ കച്ചവടത്തിൽ നിന്ന് പിൻമാറി. മൂന്നാമത്തെയാൾ 24 ലക്ഷം രൂപ മറ്റ് രണ്ട് പേർക്ക് നൽകാം എന്ന് കരാർ ഉണ്ടായിരുന്നു.
ഈ തുക ലഭിക്കാതെ വന്നപ്പോഴാണ് മറ്റ് രണ്ട് പേരുടെ പരാതി പ്രകാരം വിഷയത്തിൽ സിപിഐഎം ഇടപെട്ടതെന്നും സിപിഐഎം ഏരിയാ കമ്മിറ്റിയംഗം രാജേഷ് പറഞ്ഞു. വസ്ത്ര വ്യാപാരശാല കൈമാറ്റം ചെയ്തതായി തങ്ങൾക്ക് തറിയില്ലായിരുന്നു.
വിഷയത്തിൽ ഇടപെട്ട വ്യാപാരി സംഘടനയുടെ പ്രതിനിധികളുമായാണ് തങ്ങൾ തർക്കിച്ചതെന്നും കടയുടമയുമായിട്ടല്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കി.
അതേസമയം മുമ്പ് കട നടത്തിയിരുന്നവരുമായി തനിക്ക് യാതൊരു കരാറുമില്ലെന്നും കെട്ടിട ഉടമയുമായാണ് കരാറെന്നും സിപിഐഎം നേതൃത്വത്തിൻ്റെ വിശദീകരണം അടിസ്ഥാന രഹിതമാണെന്നും വനിതാ സംരംഭക വ്യക്തമാക്കി.
തൻ്റെ കടയ്ക്കുളളിൽ കയറി ഭീഷണി മുഴക്കി കച്ചവടം തടസ്സപ്പെടുത്തിയ നേതാക്കൾക്കെതിരെ കേസെടുക്കണണമെന്നാണ് വനിതാ സംരംഭകയുടെ ആവശ്യം. ജില്ലാ പൊലീസ് മേധാവിക്കും വനിതാ സംരംഭക പരാതി നൽകിയിട്ടുണ്ട്.
#CPIM #threatens #shut #down #women #entrepreneur #garment #shop #No #action #complaint